
കൽപ്പറ്റ നഗരമധ്യത്തിൽ പ്രവർത്തനം നിലച്ച നിലയിൽ പൂട്ടിക്കിടന്ന ഹോട്ടൽ കെട്ടിടത്തിൽ തീപിടിത്തം. ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് ഇന്ന് തീ പടർന്നത്. കെട്ടിടത്തിൽ നിന്ന് ഉയർന്ന കനത്ത പുക ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രദേശവാസികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
വിവരം ലഭിച്ചതിന് പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. സമയോചിതമായ ഇടപെടലിലൂടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതോടെ സമീപത്തെ കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി.
തിരക്കേറിയ കൽപ്പറ്റ നഗരമധ്യത്തിൽ തീപിടിത്തമുണ്ടായത് പ്രദേശത്ത് നേരിയ ആശങ്കയ്ക്കിടയാക്കിയെങ്കിലും അഗ്നിരക്ഷാ സേനയുടെ വേഗത്തിലുള്ള ഇടപെടൽ കൂടുതൽ അപകടസാധ്യതകൾ ഒഴിവാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ഹോട്ടൽ പൂട്ടിക്കിടന്നതിനാൽ തീപിടിത്തസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകളുണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.