
കൽപ്പറ്റ: യാത്രക്കാരനിൽ നിന്ന് യാത്രാക്കൂലി ഈടാക്കാതെയും ടിക്കറ്റ് നൽകാതെയും സൗജന്യ യാത്ര അനുവദിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി യൂണിറ്റിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറിയുമായ എ. ജോബിയെയാണ് സസ്പെൻഡ് ചെയ്തത്.
ആഗസ്റ്റ് 17-നാണ് സംഭവം നടന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസിൽ പനമരത്ത് നിന്ന് കയറിയ യാത്രക്കാരന് ടിക്കറ്റ് നൽകാതിരുന്നതാണ് പരാതിക്ക് ഇടയാക്കിയത്.
ദ്വാരകയിൽ നിന്ന് ബസിൽ കയറിയ കെ.എസ്.ആർ.ടി.സി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യക്തിഗത ടിക്കറ്റ് പരിശോധനയ്ക്കിടെ പനമരത്ത് നിന്ന് മാനന്തവാടിയിലേക്ക് യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനിൽ നിന്ന് യാത്രാക്കൂലി ഈടാക്കാതെയും യാത്രാടിക്കറ്റ് നൽകാതെയും സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ചതായി വിജിലൻസ് കണ്ടെത്തുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുമെന്നാണ് വിവരം.