ഡ്രൈവിങ് ലൈസൻസിന് ഇനി പുതിയ പരീക്ഷ കൂടി; ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’

New Hazard Perception Test for driving licence applicants in Kerala

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ മാറ്റവുമായി ഗതാഗത വകുപ്പ്. ലേണേഴ്‌സ് ലൈസൻസ് നേടിയതിന് ശേഷം അപേക്ഷകർക്ക് ഇനി ഒരു പരീക്ഷ കൂടി വിജയിക്കണം. റോഡിലെ അപകടസാധ്യതകളും അപ്രതീക്ഷിത തടസ്സങ്ങളും സമയബന്ധിതമായി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റാണ്’ പുതുതായി ഉൾപ്പെടുത്തുന്നത്.

ലേണേഴ്‌സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും പുതിയ പരീക്ഷ എഴുതാൻ കഴിയുക. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടത്തുക. വീഡിയോ ഗെയിം മാതൃകയിലുള്ള സംവിധാനത്തിലൂടെ റോഡിൽ പെട്ടെന്ന് ഉണ്ടാകാവുന്ന അപകടസാഹചര്യങ്ങൾ തിരിച്ചറിയാനും അതിനനുസരിച്ച് സുരക്ഷിതമായി പ്രതികരിക്കാനുമുള്ള അപേക്ഷകന്റെ കഴിവാണ് പ്രധാനമായും വിലയിരുത്തുക.

ഡ്രൈവിങിനിടെ മുന്നിൽ അപ്രതീക്ഷിതമായി എത്തുന്ന വാഹനങ്ങൾ, കാൽനടയാത്രക്കാർ, റോഡിലെ തടസ്സങ്ങൾ, മറ്റ് അപകടസാധ്യതകൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിലൂടെ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാരെ കൂടുതൽ പ്രാപ്തരാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

പുതിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. ഡിസംബർ 31 മുതൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് പ്രാബല്യത്തിൽ വരും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പുതിയ സംവിധാനത്തിന്റെ ഭാഗമായി അംഗീകൃത ഡ്രൈവിങ് സ്‌കൂളുകൾക്ക് പ്രത്യേക പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിന് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനം ഡ്രൈവിങ് സ്‌കൂളുകൾ ഒരുക്കണം.

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷകൾ കൂടുതൽ പ്രായോഗികവും റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതുമായ രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷ അവതരിപ്പിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *