സി.ബി.എസ്.ഇയിൽ പുതിയ ഭാഷാനയം; 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷ പഠനം നിർബന്ധം

ന്യൂഡൽഹി: Central Board of Secondary Educationയുടെ കീഴിലുള്ള സ്കൂളുകളിലെ ഒമ്പതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കുക നിർബന്ധമാക്കി. ഭാഷാ പഠനക്രമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിയുള്ള പുതിയ മാർഗനിർദേശങ്ങളാണ് സി.ബി.എസ്.ഇ പുറത്തിറക്കിയത്.

പുതിയ നിർദേശപ്രകാരം വിദ്യാർത്ഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. ആദ്യ രണ്ട് ഭാഷകളും ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ മൂന്നാമത്തെ ഭാഷയായി വിദേശഭാഷ തിരഞ്ഞെടുക്കാനാകൂ. അല്ലാത്തപക്ഷം അത് അധിക ഭാഷയായിട്ടായിരിക്കും പഠിക്കേണ്ടത്.

അതേസമയം പത്താം ക്ലാസിൽ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. സ്കൂളുകളിലെ ആഭ്യന്തര മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ നടത്തുക.

മൂന്നാം ഭാഷയ്ക്ക് പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാകുന്നതുവരെ 2026-27 അധ്യയന വർഷത്തിൽ ആറാം ക്ലാസിലെ പാഠപുസ്തകങ്ങളും പ്രാദേശിക സാഹിത്യ കൃതികളും ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പുതിയ തീരുമാനമെന്നാണ് സി.ബി.എസ്.ഇയുടെ വിശദീകരണം.

ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 44 ഭാഷകളാണ് സി.ബി.എസ്.ഇയുടെ ഭാഷാവിഷയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്കൂളുകൾ അവരുടെ ഭാഷാ ഓപ്ഷനുകൾ ജൂൺ 30നകം ഒയാസിസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്നും കൂടുതൽ മാർഗനിർദേശങ്ങൾ ജൂൺ 15നകം പ്രസിദ്ധീകരിക്കുമെന്നും ബോർഡ് അറിയിച്ചു.

വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്കും ഈ നിബന്ധനകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

പുതിയ ഭാഷാനയം നടപ്പാക്കുമ്പോൾ അധ്യാപക ക്ഷാമം ഒഴിവാക്കാൻ സ്കൂളുകൾ ഓൺലൈൻ അല്ലെങ്കിൽ വെർച്വൽ ക്ലാസുകൾ ആരംഭിക്കുകയോ വിരമിച്ച അധ്യാപകരെയും ബിരുദാനന്തര ബിരുദധാരികളെയും നിയമിക്കുകയോ വേണമെന്ന നിർദേശവും സി.ബി.എസ്.ഇ നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *