മഴക്കെടുതി: ദുരിതബാധിതർക്കായി ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വിവിധ ധനസഹായങ്ങളും പുനരധിവാസ നടപടികളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജ് പ്രഖ്യാപിച്ചത്.

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകും. വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം അനുവദിക്കും. ഈ സഹായത്തിന് അർഹത നേടാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരിക്കണമെന്ന നിബന്ധന ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഴുവൻ വീടും തകർന്ന കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും നൽകും. സ്വന്തം വീടുകളിലേക്ക് മടങ്ങി താമസിക്കാൻ കഴിയാത്തവർക്ക് വാടകസഹായവും അനുവദിക്കും. വീടുകളിൽ വെള്ളം കയറി ദുരിതം നേരിട്ടവർക്ക് പ്രതിദിനം 300 രൂപ വീതം സഹായം നൽകാനും സർക്കാർ തീരുമാനിച്ചു. വെള്ളപ്പൊക്കത്തിൽ കടകളിൽ വെള്ളം കയറി നഷ്ടമുണ്ടായ വ്യാപാരികൾക്ക് പതിനായിരം രൂപ വീതം ധനസഹായം ലഭിക്കും.

കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം നിലവിലുള്ളതിൽ നിന്ന് 25 ശതമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരദേശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടൽഭിത്തി നിർമാണം വേഗത്തിലാക്കുകയും കൂടുതൽ ജിയോ ബാഗുകൾ സ്ഥാപിക്കുകയും ചെയ്യും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

ദുരന്തബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് പുനർഗേഹം പദ്ധതി പുതുക്കി കൂടുതൽ തുക അനുവദിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഡാം മാനേജ്മെന്റിൽ ആധുനിക സാങ്കേതിക സംവിധാനം നടപ്പാക്കുകയും കാലാവസ്ഥ പ്രവചനത്തിനായി പുതിയ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. ഡാമുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാൻ റവന്യൂ, ജലവിഭവ വകുപ്പുകൾക്ക് നിർദേശം നൽകിയതായും മഴയുടെ തീവ്രത കുറഞ്ഞ ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *