തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി. പദ്ധതി നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
എല്ലാ വിഭാഗം ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വർഷത്തിൽ ഏകദേശം 112 കോടി രൂപയുടെ അധിക നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ നഷ്ടം 57 കോടിയാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ ഉൾപ്പെടുത്തി പദ്ധതി വ്യാപിപ്പിച്ചാൽ 65 കോടി രൂപയുടെ ബാധ്യത വരുമെന്നുമാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികളിലൊന്നായി സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് പദ്ധതി കൂടുതൽ സമ്മർദമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
ഇപ്പോൾ തന്നെ കെഎസ്ആർടിസിയുടെ ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ പ്രതിമാസം വലിയ തുകയാണ് സഹായമായി നൽകുന്നത്. ശമ്പള വിതരണത്തിന് 50 കോടിയും പെൻഷന് 75 കോടിയും ഉൾപ്പെടെ ഏകദേശം 125 കോടി രൂപയാണ് സർക്കാർ പ്രതിമാസ സഹായമായി നൽകുന്നത്. ഇതിന് പുറമേ സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കാൻ വീണ്ടും വലിയ തുക സർക്കാർ കണ്ടെത്തേണ്ട സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അതേസമയം, പദ്ധതിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം ജീവനക്കാരിൽ ശമ്പള വിതരണത്തെ കുറിച്ചുള്ള ആശങ്കയും ശക്തമാണ്. ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകയിൽ കെഎസ്ആർടിസിയെ പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.