സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നേരിട്ട് സന്ദര്‍ശിച്ച് രോഗികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. ഡോ. ഹാരിസ് ചിറക്കല്‍ മാധ്യമങ്ങളിലൂടെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതായും അവ സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്താനാണ് തീരുമാനം.
ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡോക്ടര്‍മാരുടെ അപര്യാപ്തത രോഗി പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും അതിന് അടിയന്തര പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആരോഗ്യമന്ത്രി ആദ്യം രോഗികളുമായി സംവദിക്കണമെന്നായിരുന്നു ഡോ. ഹാരിസ് ചിറക്കലിന്റെ നിര്‍ദേശം. മെഡിക്കല്‍ കോളേജുകളില്‍ ഇപ്പോഴും നിരവധി അടിസ്ഥാന പ്രശ്നങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണ ജനങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വലിയ ആശ്രയ കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ആശുപത്രി ശുചിത്വം മുതല്‍ ജീവനക്കാരുടെ കുറവ് വരെ വിവിധ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അംഗീകരിച്ചു. ആശുപത്രികളിലെ ശുചിത്വം ഉറപ്പാക്കാന്‍ ക്ലീനിങ് സ്റ്റാഫുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കല്‍ കോളേജും ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിനൊപ്പം നിലവിലുള്ള മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
മെഡിക്കല്‍ കോളേജുകളുടെ വളര്‍ച്ച രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മാത്രം അല്ല, അവരെ മികച്ച രീതിയില്‍ പരിചരിക്കുന്നതിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ഓരോരുത്തര്‍ക്കും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്നും ഡോക്ടര്‍മാര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള സൗകര്യങ്ങളും അന്തരീക്ഷവും ഒരുക്കുമെന്നും കെ മുരളീധരന് പറഞ്ഞു.