കാലവർഷം ശക്തിപ്രാപിച്ചതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.നാളെ സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുന്നതിനാൽ ജൂൺ 8 വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.ഇന്ന് പുലർച്ചെ മുതൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ വ്യാപകമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.