ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് വർഷം വേദന; എക്‌സ്‌റേ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ കുടുങ്ങിക്കിടന്ന ട്യൂബ്

പാലക്കാട്: ശസ്ത്രക്രിയയ്ക്കിടെ ഘടിപ്പിച്ച സ്റ്റെന്റ് നീക്കാൻ മറന്നെന്ന പരാതി; രണ്ട് വർഷമായി കടുത്ത വയറുവേദനയുമായി രോഗി

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ ഘടിപ്പിച്ച സ്റ്റെന്റ് (യുററ്ററൽ ട്യൂബ്) നീക്കം ചെയ്യാൻ മറന്നതിനെ തുടർന്ന് രണ്ട് വർഷത്തോളമായി കടുത്ത വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവിച്ചുവെന്ന പരാതിയുമായി രോഗി. പാലക്കാട് ജില്ലയിലെ എളനാട് മരുതംപാടത്ത് മഞ്ഞളൂർക്കളം വീട്ടിൽ എ. സലീം (54) ആണ് ഗുരുതരമായ ദുരനുഭവം വെളിപ്പെടുത്തിയത്. നിലവിൽ സ്റ്റെന്റ് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

2024 ഓഗസ്റ്റ് 10-ന് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ സലീമിന് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തി. നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത അദ്ദേഹം പത്ത് ദിവസത്തിന് ശേഷം തുന്നൽ നീക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും തുടർചികിത്സയ്ക്കോ പരിശോധനയ്ക്കോ വീണ്ടും ആശുപത്രിയിൽ എത്തണമെന്ന നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് സലീമിന്റെ ആരോപണം.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇടയ്ക്കിടെ വയറുവേദന, അസ്വസ്ഥത, മൂത്രത്തിൽ രക്തത്തിന്റെ നിറം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി സലീം പറയുന്നു. സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ കഴിച്ചെങ്കിലും ആശ്വാസം ലഭിച്ചില്ല.

തുടർച്ചയായ അസ്വസ്ഥതയെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 29-ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ സ്കാനിംഗും തുടർന്ന് എക്‌സ്-റേയും നിർദേശിച്ചു. പരിശോധനാഫലത്തിലാണ് ശരീരത്തിനുള്ളിൽ സ്റ്റെന്റ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ സ്റ്റെന്റ് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

അതേസമയം, 2024-ൽ ശസ്ത്രക്രിയയും തുന്നൽ അഴിച്ച ശേഷവും സലീം ഏകദേശം 20 മാസം കഴിഞ്ഞാണ് വീണ്ടും ആശുപത്രിയിലെത്തിയതെന്നും, തുടർപരിശോധന വൈകിയ സാഹചര്യവും സംഭവത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട ഡോക്ടർ പ്രതികരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *