കൽപ്പറ്റ : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിച്ച് കുട്ടികളിൽ പോഷകസുരക്ഷയും പ്രകൃതിസൗഹൃദ ജീവിതശൈലിയും വളർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ‘കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17ന് രാവിലെ 10 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്യും.വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ പഴങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കൃഷിയോടും പരിസ്ഥിതി സംരക്ഷണത്തോടും കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ജീവിതമൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.ആർ.കെ.വി.വൈ. പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ 4,500 ഫലവൃക്ഷത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കും. മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഫലവൃക്ഷങ്ങളാണ് വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കുക.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
കുട്ടികൾക്ക് പോഷകസമൃദ്ധമായ പഴങ്ങൾ ലഭ്യമാക്കുന്നതിന് പുറമെ കൃഷിയുടെ പ്രാധാന്യവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും നേരിട്ട് മനസ്സിലാക്കാനുള്ള അവസരവും പദ്ധതി ഒരുക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത് വഴിയൊരുക്കും.എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എ ഉഷ വിജയൻ, ജനപ്രതിനിധികൾ, കൃഷി-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വി.എഫ്.പി.സി.കെ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.