വയനാട്ടിലും ട്രെയിൻ ചൂളംവിളിക്കുമോ? മെട്രോമാൻ ഇ. ശ്രീധരന്റെ ഹൈസ്പീഡ് പദ്ധതി ചർച്ചയാകുന്നു; ഇന്ന് ബത്തേരി സന്ദർശനം

E Sreedharan's proposed high-speed railway project for Wayanad and Sultan Bathery

ബത്തേരി: വയനാട്ടിലേക്കും അതിവേഗ റെയിൽവേ എത്തുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. സംസ്ഥാനത്തുടനീളം ഹൈസ്പീഡ് റെയിൽവേ ശൃംഖല ഒരുക്കാനുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ പുതിയ പദ്ധതിയിൽ വയനാടിന് മുൻഗണന നൽകണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി.

നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയും വയനാട് ചേംബർ ഓഫ് കൊമേഴ്‌സും പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ വയനാടിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് സുൽത്താൻ ബത്തേരിയിലെത്തും.

കോഴിക്കോട് നിന്ന് ആരംഭിച്ച് സുൽത്താൻ ബത്തേരിയിൽ അവസാനിക്കുന്ന രീതിയിലാണ് നിർദിഷ്ട ഹൈസ്പീഡ് റെയിൽവേ പാത വിഭാവനം ചെയ്തിരിക്കുന്നത്. കൊടുവള്ളി, അടിവാരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ നിർദേശിച്ചിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

പദ്ധതി യാഥാർഥ്യമായാൽ കോഴിക്കോട് നിന്ന് വെറും 35 മിനിറ്റിനുള്ളിൽ സുൽത്താൻ ബത്തേരിയിലെത്താൻ കഴിയുമെന്നാണ് പദ്ധതിയുടെ രൂപരേഖയിൽ പറയുന്നത്. ചുരം മേഖലകളിൽ തുരങ്കങ്ങൾ വഴിയും മറ്റ് പ്രദേശങ്ങളിൽ തൂണുകൾക്ക് മുകളിലുള്ള വയഡക്ടുകൾ വഴിയും പാത നിർമിക്കാനാണ് ആലോചന.

ഹൈസ്പീഡ് റെയിൽവേ പദ്ധതി നടപ്പിലായാൽ വയനാടിന്റെ യാത്രാസൗകര്യത്തിലും ഗതാഗത മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ, പദ്ധതി സംബന്ധിച്ച തുടർചർച്ചകളും ഔദ്യോഗിക തീരുമാനങ്ങളും നിർണായകമാകും.

ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി പുതുജീവിതത്തിലേക്ക്; സന്ദീപ് താലിചാർത്തി

കൽപ്പറ്റ: ജീവിതത്തിൽ ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങൾ നേരിടേണ്ടി വന്ന ശ്രുതി പുതിയ ജീവിതത്തിലേക്ക്. വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വീടും നഷ്ടപ്പെട്ട ശ്രുതിയുടെ വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. മാനന്തവാടി സ്വദേശിയും വയനാട് കലക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ് ശ്രുതിക്ക് താലിചാർത്തിയത്.

മുൻമന്ത്രി കെ. രാജൻ പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹശേഷം സന്തോഷം പങ്കുവെച്ച ശ്രുതി, എല്ലാം അറിഞ്ഞുകൊണ്ടുതന്നെ തന്റെ കൈപിടിച്ചയാളാണ് സന്ദീപെന്നും ഇരുവരുടെയും ജീവിതത്തിൽ മുന്നോട്ടും സന്തോഷം നിറയട്ടെയെന്ന് പ്രാർഥിക്കുന്നതായും പറഞ്ഞു.

ദുരന്തങ്ങൾ തകർത്ത ജീവിതത്തിൽ നിന്ന് അതിജീവനത്തിന്റെ വഴിയിലേക്ക്

2024 ജൂലൈയിൽ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെയും സ്വന്തം വീടും നഷ്ടമായത്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കടന്നുപോയ ശ്രുതിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസനും പിന്നീട് വാഹനാപകടത്തിൽ ജീവൻ നഷ്ടമായി. അപകടത്തിൽ ശ്രുതിയുടെ കാലുകൾക്കും പരുക്കേറ്റിരുന്നു.

പ്രതിസന്ധികൾക്കിടയിലും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടർന്ന ശ്രുതിക്ക് വയനാട് കലക്ടറേറ്റിലെ റവന്യൂ വകുപ്പിന്റെ പൊതുജന പരാതി പരിഹാര സെല്ലിൽ (PG Cell) ക്ലാർക്കായി നിയമനം ലഭിച്ചു. 2024 ഡിസംബറിലാണ് ജോലിയിൽ പ്രവേശിച്ചത്.

വേദനകളും നഷ്ടങ്ങളും അതിജീവിച്ച് പുതിയൊരു ജീവിതത്തിന് തുടക്കമിടുന്ന ശ്രുതിക്കും സന്ദീപിനും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കും; കർശന നടപടിക്ക് ഹൈക്കോടതി നിർദേശം

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് (എംവിഡി) കോടതി നിർദേശം നൽകി. കേസിന്റെ വിചാരണ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരും. ഇത്തരം കേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തപ്പെടാനും വർഷങ്ങളോളം നീളുന്ന നിയമനടപടികൾക്കും കനത്ത ശിക്ഷയ്ക്കും സാധ്യതയുണ്ടെന്ന് എംവിഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചാൽ എന്താണ് ശിക്ഷ?

മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേസെടുക്കുന്നത്. ബ്രെത്ത് അനലൈസർ പരിശോധനയിലോ രക്തപരിശോധനയിലോ 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതി

സംസ്ഥാനത്തെ റോഡപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കുന്നതിനായി സർക്കാർ രൂപീകരിച്ച സമഗ്ര പദ്ധതിയായ കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അപകടമരണങ്ങൾ കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മദ്യപിച്ചുള്ള ഡ്രൈവിങ് തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഹൈക്കോടതിയുടെ നിർദേശം വീണ്ടും വ്യക്തമാക്കുന്നത്.

അവസരങ്ങൾ പരിശോധിക്കൂ!

താത്ക്കാലിക നിയമനം

ഇന്റർവ്യൂ : നവംബര്‍ 11

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൗണ്‍സലര്‍ തസ്തികയില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെയുള്ള എം.എസ്.ഡബ്ല്യു യോഗ്യതയും എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സോഷ്യോളജിയില്‍ പി.ജി ബിരുദമോ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെ എം.എസ്.ഡബ്ല്യു യോഗ്യത വേണം. എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 11 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 270604, 7736919799.

സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

ഇന്റർവ്യൂ : നവംബര്‍ 11

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്റ്റുഡന്റ് കൗണ്‍സലറെ നിയമിക്കുന്നു. എം.എ സൈക്കോളജി അല്ലെങ്കില്‍ സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. സ്റ്റുഡന്റ് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന. പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹത ഉണ്ട്. പ്രായപരിധി 25 നും 45 നും ഇടയില്‍. റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 11 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍-9495073565.

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം; വിദ്യാർത്ഥികൾക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ സൈബർ പോലീസ് നടപടി

കൽപ്പറ്റ: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് അപകീർത്തികരമായ പോസ്റ്റുകളും മോശം കമന്റുകളും പ്രചരിപ്പിച്ച സംഭവത്തിലാണ് പോലീസ് നടപടി.

മീനങ്ങാടിയിലെ യു.ഡി.എഫ് നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 79-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 ബി വകുപ്പ്, പോക്സോ നിയമത്തിലെ 11(i), 12 വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചവരെയാണ് പോലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ തയ്യാറാക്കിയവർക്കൊപ്പം അവ പ്രചരിപ്പിച്ചവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *