വയനാട്ടിലേക്കും വയനാട്ടിൽ നിന്നുമുള്ള യാത്രക്കാരെ ബാധിച്ച് കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ബുധനാഴ്ച ഗതാഗത തടസ്സം അനുഭവപ്പെട്ടു.
കുറ്റ്യാടി ചുരത്തിലെ എട്ടാം വളവിൽ കെഎസ്ആർടിസി ബസിന്റെ ആക്‌സിൽ തകരാറിലായതിനെ തുടർന്ന് ബസ് റോഡിന് കുറുകെ കുടുങ്ങി. ഇതോടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുറ്റ്യാടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസാണ് തകരാറിലായത്. ബസ് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, താമരശേരി ചുരത്തിലും ഗതാഗത നിയന്ത്രണം തുടരുകയാണ്. ചുരത്തിലെ മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് വാഹനങ്ങളുടെ നീക്കം മന്ദഗതിയിലായത്.
വയനാട്ടിനെ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന മലമ്പാതകളായ കുറ്റ്യാടി, താമരശേരി ചുരങ്ങളിൽ ഒരേസമയം തടസ്സം നേരിട്ടതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. നിരവധി വാഹനങ്ങൾ ഇരു ചുരങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
അത്യാവശ്യ യാത്രകൾ നടത്തുന്നവർ യാത്ര തിരിക്കുന്നതിന് മുമ്പ് ഗതാഗത സ്ഥിതി പരിശോധിക്കുകയും സാധ്യമെങ്കിൽ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.