ഇതെന്ത് ക്രൂരത! നേപ്പാളിൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

Nepal flood gold theft from dead woman

കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണി നദിയിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ കമ്മലുകൾ മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോയിൽ ഒരാൾ വലിയ വടിക്കഷ്ണം ഉപയോഗിച്ച് മരിച്ച സ്ത്രീയുടെ തല ഉയർത്തിപ്പിടിക്കുന്നതും മറ്റൊരാൾ മുടിയിൽ പിടിച്ച് തല ഉയർത്തി കമ്മൽ ഊരിയെടുക്കുന്നതും കാണാം. സമീപത്തുണ്ടായിരുന്ന ചിലർ സംഭവം നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ പൊഖാര ബസ് ടെർമിനലിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.

മദൻ ഗുരുങ് (25), ഭരത്പൂർ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. മിന്നൽ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം

അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നതായാണ് റിപ്പോർട്ട്. 1,400 ഓളം പേരെ ഇപ്പോഴും കാണാതായതായും അധികൃതർ അറിയിച്ചു. ടിബറ്റിലും 558 പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തിരച്ചിലും തുടരുകയാണ്. ഇതിനിടെ ഭൂട്ടേകോശി നദിയിലും നേപ്പാൾ അധികൃതർ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മിന്നൽ പ്രളയമുണ്ടായ പ്രദേശത്തെ സാറ്റലൈറ്റ് ചിത്രങ്ങളിൽ പുതിയൊരു തടാകം രൂപപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെന്നും ഇത് പൊട്ടിത്തെറിച്ച് താഴ്ന്ന പ്രദേശങ്ങളിലേക്ക് ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

നദികളുടെ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി. പ്രളയബാധിത മേഖലകളിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ മുന്നറിയിപ്പുകൾ ആവശ്യമായാൽ നൽകുമെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *