
വയനാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ അത്യാവശ്യ ആവശ്യങ്ങൾ ഒഴികെയുള്ള വയനാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
നിലവിൽ ജില്ലയിൽ താമസിക്കുന്ന വിനോദസഞ്ചാരികൾ സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും താൽക്കാലികമായി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും റോഡുകൾക്ക് കേടുപാടുകളും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നതിനാൽ യാത്രയ്ക്കിടെ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്.
ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പുറത്തിറക്കുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികൾ, തോടുകൾ, മലഞ്ചെരിവുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് വിനോദയാത്രകൾ നടത്തുന്നതും അപകടസാധ്യതയുള്ള മേഖലകളിൽ പ്രവേശിക്കുന്നതും പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം വീണ്ടും ഓർമ്മിപ്പിച്ചു. സുരക്ഷയ്ക്ക് മുൻഗണന നൽകി എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.