
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ രീതിയിൽ സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നു. പെൻഷൻ വിതരണം നടത്തുന്ന സംവിധാനത്തിൽ നിന്ന് സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാകും പെൻഷൻ തുക വിതരണം ചെയ്യുക.
അതേസമയം, കിടപ്പുരോഗികളായവർക്കും മറ്റ് പ്രത്യേക സാഹചര്യങ്ങളാൽ ബാങ്ക് മുഖേന പെൻഷൻ കൈപ്പറ്റാൻ കഴിയാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും നേരിട്ടുള്ള വിതരണം തുടരുക. ഇത്തരം വിഭാഗങ്ങൾക്ക് നിലവിലുള്ള പ്രത്യേക ക്രമീകരണങ്ങൾ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട തിരിച്ചടവ് വിവരങ്ങൾ പല സഹകരണ സ്ഥാപനങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന വിലയിരുത്തലും സഹകരണ സംഘങ്ങൾക്ക് നൽകേണ്ട ഇൻസെന്റീവ് ചെലവും പരിഗണിച്ചാണ് പുതിയ തീരുമാനം. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ ശുപാർശയും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
പുതിയ സംവിധാനപ്രകാരം ദേശീയവത്കരിച്ച ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയായിരിക്കും സാമൂഹ്യക്ഷേമ പെൻഷൻ വിതരണം. മുൻകാലങ്ങളിൽ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വീടുകളിലെത്തി പെൻഷൻ കൈമാറുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ആ സംവിധാനം അവസാനിപ്പിച്ചുകൊണ്ടാണ് സർക്കാർ പുതിയ വിതരണരീതിയിലേക്ക് മാറുന്നത്.