
ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കർണാടക വനമേഖലയിൽ രാത്രി ബസ് തകരാറിലായി കുടുങ്ങിയ 32 യാത്രക്കാർക്ക് സുരക്ഷയൊരുക്കി വയനാട് പോലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് മുത്തങ്ങ അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള വനപാതയിൽ തകരാറിലായത്.
മകളടക്കമുള്ള യാത്രക്കാർ വനത്തിനുള്ളിൽ കുടുങ്ങിയതായി അറിയിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിനെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്. സെപ്റ്റംബർ 3ന് രാത്രി 10.30ഓടെയായിരുന്നു ഫോൺ സന്ദേശം ലഭിച്ചത്.
യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ച് ബന്ധപ്പെട്ടെങ്കിലും വനമേഖലയിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തത് തുടക്കത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് മുത്തങ്ങ ചെക്ക് പോസ്റ്റ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, പോലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലേക്ക് വിവരം കൈമാറി. നടത്തിയ അന്വേഷണത്തിലാണ് ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപമാണ് ബസ് കുടുങ്ങിയതെന്ന് വ്യക്തമായത്.
അതിനിടെ കൊല്ലം സ്വദേശിയായ ഒരു യാത്രക്കാരനുമായി ഫോണിൽ ബന്ധപ്പെടാൻ പോലീസിന് സാധിച്ചു. യാത്രക്കാരെ ആശ്വസിപ്പിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഇടപെടലിൽ ഡിപ്പോയിൽ നിന്ന് സൂപ്പർ ഡീലക്സ് ബസ് സ്ഥലത്തേക്ക് അയച്ചു. എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബസിനൊപ്പം വനമേഖലയിലേക്ക് പുറപ്പെട്ടു.
വന്യമൃഗങ്ങളുടെ സാന്നിധ്യസാധ്യതയുള്ള പ്രദേശത്ത് രാത്രി ഒറ്റപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു. തകരാറിലായ ബസിൽ നിന്ന് ചൂട് ഉയർന്നിരുന്നതിനാൽ ബസിനുള്ളിൽ തുടരുന്നതും പുറത്തേക്ക് ഇറങ്ങുന്നതും ഒരുപോലെ ബുദ്ധിമുട്ടായിരുന്നു.
പോലീസ് സംഘം സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി പുതിയ ബസിലേക്ക് മാറ്റി. തുടർന്ന് എല്ലാവരെയും സുരക്ഷിതമായി കോഴിക്കോട് എത്തിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സമയബന്ധിതമായി ഇടപെട്ട് യാത്രക്കാരെ സുരക്ഷിതരാക്കിയ പോലീസിന് നന്ദി അറിയിച്ച് യാത്രക്കാരുടെയും ബന്ധുക്കളുടെയും നിരവധി ഫോൺ കോളുകളാണ് പിന്നീട് ലഭിച്ചത്. കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരും പോലീസ് സംഘത്തെ അഭിനന്ദിച്ചു.
എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ സുബീഷ്, ജിതിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബത്തേരി സി.ഐ അജീഷ്, മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഹംസ, സി.പി.ഒ കണ്ണൻ, എ.എസ്.ഐ സലീം എന്നിവരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജാഗ്രതയോടെ പ്രവർത്തിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
രാത്രിയാത്രാ നിയന്ത്രണവും സംസ്ഥാന അതിർത്തിയും മറികടന്ന് അടിയന്തര സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ പോലീസിന്റെ സമയോചിത ഇടപെടലാണ് വനമധ്യേ കുടുങ്ങിയ 32 പേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സഹായിച്ചത്.