
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നു. മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവയ്ക്കുന്നു. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകാൻ പര്യാപ്തമല്ലെന്നും അവർ ആരോപിക്കുന്നു. സമരത്തിന്റെ പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ബസുടമകളുടെ വാദം. ഇതുമൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള മതിയായ നിർദേശങ്ങൾ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകുന്നത് പോലും പ്രയാസകരമായിരിക്കുകയാണെന്നാണ് ഉടമകളുടെ നിലപാട്. അടിയന്തരമായി നിരക്ക് പരിഷ്കരിക്കുകയും മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്തില്ലെങ്കിൽ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.