
തിരുനെല്ലി: ജില്ലയിൽ ആശങ്ക സൃഷ്ടിച്ച മാലക്കവർച്ചാ സംഘത്തിനെതിരെ വയനാട് പോലീസിന്റെ അന്വേഷണം ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് സ്ത്രീകളെ കൂടി കർണാടകയിലെ മൽപേ ബീച്ചിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശിനി പൊന്നി (39) എന്നിവരാണ് പിടിയിലായത്.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സജീവമായ പിടിച്ചുപറി സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പോലീസ് കണ്ടെത്തി. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.
തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കെത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന കേസിലാണ് ഇവരെ ഇപ്പോൾ പിടികൂടിയത്. ഇതോടെ വയനാട് ജില്ലയിൽ വിവിധ മാലക്കവർച്ചാ കേസുകളിലായി പിടിയിലായവരുടെ എണ്ണം പത്തായി.
വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായ SAGOC ആണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പ്രതികളുടെ നീക്കങ്ങൾ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ പോലീസ് സംഘത്തിന് പ്രതികൾ വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ മോഷണം നടത്താൻ ലക്ഷ്യമിട്ട് കർണാടകയിലെ മംഗലാപുരത്തേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. തുടർന്ന് മറ്റൊരു പോലീസ് സംഘം ഉടൻ മംഗലാപുരത്തേക്ക് തിരിച്ചു. പിന്നീട് പ്രതികൾ ഉഡുപ്പിയിലേക്ക് പോയതായി കണ്ടെത്തിയതോടെ പോലീസ് സംഘം വേഷം മാറി പ്രദേശത്ത് അന്വേഷണം വ്യാപിപ്പിച്ചു.
മൽപേ ബീച്ചിന് സമീപം പ്രതികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. തുടർന്ന് മൽപേ ബീച്ചിന് സമീപത്തുവെച്ച് മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലും നടന്ന ചില സ്നാച്ചിങ് കേസുകളിലും ഇവർക്ക് പങ്കുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കർണാടകയിലെ വിനായക ചതുർഥി ആഘോഷങ്ങളും കേരളത്തിലെ ഓണാഘോഷങ്ങളും ലക്ഷ്യമിട്ട് വലിയ തോതിൽ മോഷണം നടത്താനുള്ള സംഘത്തിന്റെ നീക്കമാണ് വയനാട് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
മാനന്തവാടി എ.എസ്.പി വി. കാർത്തിക് ഐ.പി.എസ് നേതൃത്വം നൽകിയ പോലീസ് സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ബിജു വർഗീസ്, കെ.കെ. വിപിൻ, ഷാലു ഫ്രാൻസിസ്, പി.ബി. അജിത്ത്, രജീഷ്, ശ്രീജേഷ്, തിരുനെല്ലി സി.ഐ നിധീഷ്, എസ്.എച്ച്.ഒ എസ്.ഐ ഉമ്മർ, എസ്.ഐമാരായ ജി. ശിവൻ, റിയാസുദീൻ, എ.എസ്.ഐ ഹക്കീം, എസ്.സി.പി.ഒ പോൾസൻ ലതീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ എസ്. ചിഞ്ചു, രമ്യ, ഷാലുമോൾ, ഡ്രൈവർ എസ്.സി.പി.ഒ കെ.സി. അനൂപ്, സി.പി.ഒ പ്രിൻസ് ജോയ് എന്നിവർ പങ്കെടുത്തു.