‘ബ്രാൻഡ് വയനാട് ടൂറിസം’ പദ്ധതി; ടൂറിസം വികസനത്തിന് പുതിയ ചുവടുവെപ്പുമായി പ്രിയങ്ക ഗാന്ധി

Priyanka Gandhi discussing Brand Wayanad Tourism project for tourism development

കൽപ്പറ്റ • വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിനായി ‘ബ്രാൻഡ് വയനാട് ടൂറിസം’ എന്ന ആശയം മുന്നോട്ട് വെച്ച് ടൂറിസം മന്ത്രിയുമായി വിശദമായ ചർച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ യോഗത്തിലാണ് എംപി ഇക്കാര്യം അറിയിച്ചത്.

വയനാട്ടിലെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി നിർദേശിച്ചു.

ജില്ലയിലെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയ്ക്ക് (PMGSY) കീഴിലുള്ള മുഴുവൻ റോഡുകളുടെയും ആക്ഷൻ പ്ലാൻ തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ നിർദേശം നൽകി.

കല്ലോടി–വെള്ളമുണ്ട–തോട്ടോളിപ്പടി റോഡ്, പുല്ലുമല–കരിവയൽ റോഡ് എന്നിവയുടെ നിർമാണം വൈകുന്നതിലും എംപി ആശങ്ക അറിയിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി ജൽ ജീവൻ മിഷൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ചുചേർക്കാൻ ജില്ലാ കലക്ടറോട് നിർദേശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഡ്രെയിനേജ്, കൾവർട്ട്, സൈഡ് പ്രൊട്ടക്ഷൻ തുടങ്ങിയ പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കി റോഡ് പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കണം. പ്രവൃത്തികളുടെ പുരോഗതി കൃത്യമായി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരവും വാട്ടർ ടാങ്കുകളുടെ ശുചിത്വവും ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തുറന്ന കിണറുകളിലും കുഴൽക്കിണറുകളിലുമുള്ള ജലസ്രോതസ്സുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്ന് യോഗത്തിൽ അധികൃതർ അറിയിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ യോഗങ്ങൾ ചേരുന്നുണ്ടെന്നും പദ്ധതികളുടെ പുരോഗതി നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ യോഗത്തിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *