ആഡംബര റീലുകൾക്ക് പിന്നിൽ ജോലി തട്ടിപ്പ്? പാർവതിക്കെതിരെ കോടികളുടെ തട്ടിപ്പ് ആരോപണം

Parvathy Maya Shaji arrested in overseas job fraud case

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് പൊലീസ്. കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് ആരോപണം. കൂടുതൽ പരാതികളും കേസുകളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പാർവതി മായ ഷാജിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. തുടർന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾ വഴിയാണ് അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതെന്നാണ് കേസ്. പരാതിക്കാരിൽ നിന്ന് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നിലവിലെ നടപടി.

2023 മുതൽ പണം നൽകിയവരെയാണ് തട്ടിപ്പിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയായിരുന്നു ആളുകളെ സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ആഡംബര ജീവിതശൈലി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും റീലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നതായും പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.

ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട പാർവതി മായ ഷാജിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

പാർവതിക്ക് പുറമെ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ കൂടി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അനീഷ് മേനോൻ നിലവിൽ ദുബായിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കെതിരെ നേരത്തെയും തട്ടിപ്പ്, മണി ചെയിൻ തുടങ്ങിയ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിന്റെ തുടർ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ക്യൂവിന് വിട; ഇനി വെന്‍ഡിങ് മെഷീനിലൂടെ മദ്യം? പുതിയ പദ്ധതിയുമായി ബെവ്കോ

ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സെൽഫ് വെൻഡിങ് മെഷീനുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.

പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാൽ പിന്നീട് സംസ്ഥാനത്തെ മറ്റ് പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. ബാങ്കുകളുടെ സഹകരണത്തോടെയായിരിക്കും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക.

മെഷീനിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ സ്റ്റോർ ചെയ്യും. ടച്ച് സ്‌ക്രീൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കാം. തുടർന്ന് കാർഡ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളിലൂടെ പണം അടയ്ക്കാനാകും.

പേയ്‌മെന്റ് പൂർത്തിയാക്കിയ ശേഷം കുപ്പി മെഷീനിൽ നിന്ന് തന്നെ ലഭിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇടപാടിന്റെ ബില്ലും മെഷീനിലൂടെ ലഭിക്കും.

അതേസമയം, മറ്റൊരു സംവിധാനവും പരിഗണനയിലുണ്ട്. മെഷീനിൽ ഉൽപ്പന്നം തിരഞ്ഞെടുത്ത് പേയ്‌മെന്റ് നടത്തിയ ശേഷം കൗണ്ടറിൽ നിന്ന് മദ്യം കൈമാറുന്ന രീതിയാണിത്. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കിയ ശേഷമായിരിക്കും ഏത് സംവിധാനമാണ് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിക്കുക.

പുതിയ സംവിധാനം നിലവിൽ വന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ നീണ്ട ക്യൂവും കാത്തിരിപ്പ് സമയവും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ

വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.

ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്

രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.

ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.

ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം

ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.

പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.

എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.

കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.

ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന

25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.

50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.

ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.

ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.

പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.

ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

2026 സെപ്റ്റംബർ 25 മുതൽ ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക സാരഥി പരിവാഹൻ പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.

ലൈസൻസുമായി ബന്ധപ്പെട്ട ഇത്തരം അറിയിപ്പുകളിൽ സംശയമുള്ളവർ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കു

Related Posts

Leave a Reply

Your email address will not be published. Required fields are marked *