
കേരളത്തിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം. എംഎൽഎമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയായും മന്ത്രിമാരുടേത് ഒന്നര ലക്ഷം രൂപയായും ഉയർത്തുന്നത് പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. നിയമസഭാംഗങ്ങൾക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളിലും വർധനയുണ്ടായേക്കും.
ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ സെക്രട്ടറി ശുപാർശ നൽകുമെന്നാണ് സൂചന. നിലവിൽ ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ കേരളത്തിലെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം കുറഞ്ഞത് 70,000 രൂപയും മന്ത്രിക്ക് ഏകദേശം 97,000 രൂപയും ലഭിക്കുന്നതായാണ് റിപ്പോർട്ട്.
ശമ്പളവർധന പ്രഖ്യാപിച്ച് പാർലമെന്ററികാര്യ മന്ത്രി
ശമ്പളവർധനയ്ക്കൊപ്പം നിയമസഭാംഗങ്ങൾക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങളിലും മാറ്റമുണ്ടാകുമോയെന്നതാണ് ഇനി അറിയേണ്ടത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനവും പുതുക്കിയ നിരക്കുകളും പുറത്തുവന്നിട്ടില്ല.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ഐപാഡ് വിതരണവും വിമർശനത്തിൽ
എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കത്തിനൊപ്പം നിയമസഭാംഗങ്ങൾക്ക് ഐപാഡ് വിതരണം ചെയ്യുന്നതും ചർച്ചയായിട്ടുണ്ട്. സർക്കാർ നടപടിക്കെതിരെ ധൂർത്തെന്ന വിമർശനം ഉയരുമ്പോൾ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടും ചർച്ചയാകുന്നു.
അതേസമയം, പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശവും ശ്രദ്ധ നേടിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നുവെന്ന കാര്യവും ഇപ്പോൾ ചർച്ചയിൽ ഉയരുന്നുണ്ട്.
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവർധന സംബന്ധിച്ച അന്തിമ തീരുമാനം വന്നാൽ മാത്രമേ പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വ്യക്തത ലഭിക്കൂ.