സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,14,560 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,320 രൂപയാണ് നിലവിലെ വില.
കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റത്തിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം ശക്തമായതോടെ പശ്ചിമേഷ്യയിലെ എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയും ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവില കുത്തനെ വര്‍ധിച്ചു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില നിലവില്‍ ബാരലിന് 93 ഡോളറിന് മുകളിലാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
എണ്ണവിലയിലെ ഉയര്‍ച്ച, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപ പ്രവണത തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം ജനുവരി 29-നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. അന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ ഡിസംബര്‍ 23-നാണ് കേരളത്തില്‍ ആദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്നത്.