മൂന്ന് ദിവസത്തിൽ 4,300 രൂപയുടെ കുതിപ്പ്; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 1,800 രൂപയുടെ വർധന രേഖപ്പെടുത്തിയതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയായി. ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയായിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ആകെ 4,300 രൂപയുടെ വർധനയാണ് ഉണ്ടായത്. ശനിയാഴ്ച മാത്രം പവന് 2,160 രൂപ ഉയർന്നിരുന്നു. അതിന് പിന്നാലെ ഇന്നും വിലക്കയറ്റം തുടർന്നതോടെ ആഭരണ വിപണിയിൽ ആശങ്കയും പ്രതീക്ഷയും ഒരുപോലെ ഉയർന്നിരിക്കുകയാണ്.

ഇറാനുമായുള്ള സംഘർഷം അവസാനത്തിലേക്കാണെന്നും സമാധാന കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നുമുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ആഗോള വിപണിയിൽ സ്വാധീനം ചെലുത്തിയതായി വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പവന് 5,000 രൂപയിലധികം ഇടിഞ്ഞ ശേഷമാണ് സ്വർണവില വീണ്ടും ഉയർച്ചയിലേക്ക് തിരിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന സൂചനകളും വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

അതേസമയം, അമേരിക്ക പലിശനിരക്ക് ഉയർത്തുന്ന സാഹചര്യമുണ്ടായാൽ സ്വർണവിലയ്ക്ക് സമ്മർദം നേരിടേണ്ടി വരാമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിലെത്തിയത്. ഡിസംബർ 23-നായിരുന്നു പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *