കള്ളാടി മണ്ണിടിച്ചിൽ ദുരന്തം;18 പേർ അപകടത്തിൽപ്പെട്ടു; മൂന്ന് മരണം സ്ഥിരീകരിച്ചു

മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ ആകെ 18 പേരാണ്പ്പെട്ടത്. ഇവരിൽ 10 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ ചികിത്സ നൽകുകയാണ്. അഞ്ച് പേരെ കണ്ടെത്താനുള്ള തെരച്ചിൽ വിവിധ രക്ഷാസേനകളുടെ നേതൃത്വത്തിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ അവലോകന യോഗം ചേർന്നു. തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയുടെ ഭാഗമായി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ മേപ്പാടി–ചൂരൽമല റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. പാലത്തിന് മുകളിലേക്ക് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ സ്നിഫർ നായകളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മീനാക്ഷി പാലത്തിന്റെ ഇരുവശങ്ങളിലും കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിച്ചു. ഇതിനായി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതി എന്നിവിടങ്ങളിലെ ആളുകളെയും മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *