മേപ്പാടി കള്ളാടി ദുരന്തം: മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി

വയനാട്ടിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലായിരുന്നു നടപടികൾ. പോസ്റ്റുമോർട്ടം വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചുവെന്നും മന്ത്രി അറിയിച്ചു.

മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും പുരുഷന്മാരുടേതാണ്. അപകടത്തിൽ മരിച്ചവരെ ജാർഖണ്ഡ് സ്വദേശിയായ ആൻമോൾ ദോദ്റായ്, ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ പാൽ എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരും തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളാണ്.

ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പും 108 ആംബുലൻസ് സേവനവും രക്ഷാപ്രവർത്തനത്തിനും ചികിത്സാ സംവിധാനങ്ങൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപത് പേരിൽ രണ്ട് പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. നിലവിൽ ഏഴ് പേരാണ് ചികിത്സയിൽ തുടരുന്നത്.

ചികിത്സയിലുള്ളവരിൽ ഒരാൾ എറണാകുളം സ്വദേശിയായ സൈറ്റ് എൻജിനീയറാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ ഒരാൾക്ക് തലയ്ക്കും രണ്ട് കാലുകൾക്കും ഗുരുതര പരിക്കുകളുണ്ട്. മറ്റൊരാളുടെ രണ്ട് കാലുകൾക്കും പൊട്ടലേറ്റിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മേപ്പാടി പോളിടെക്നിക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് സമീപ പ്രദേശങ്ങളിലെ 42 കുടുംബങ്ങളിലെ 142 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

രാത്രികാലത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിച്ചാലും സ്ഥലത്ത് ആംബുലൻസും മെഡിക്കൽ സംഘവും തുടർച്ചയായി ക്യാമ്പ് ചെയ്യുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ എല്ലാ അടിയന്തര സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൊയ്‌തീൻ ഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷീജ വി.ആർ., മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനവും ചികിത്സാ സംവിധാനങ്ങളും ശക്തമായി തുടരുകയാണ്. ദുരന്തബാധിതർക്കാവശ്യമായ എല്ലാ ആരോഗ്യസഹായങ്ങളും ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *