കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 8)യും നാളെ (ജൂലൈ 9)യും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിനൊപ്പം മരങ്ങൾ കടപുഴകി വീഴാനും മരച്ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന ജാഗ്രത നിർദേശങ്ങൾ
- കാറ്റും മഴയും ഉള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
- വീടിന് സമീപമുള്ള അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടിമാറ്റുകയും അപകടാവസ്ഥയിലുള്ള മരങ്ങളെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും ചെയ്യണം.
- ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, കൊടിമരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.
- വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടുകയും ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുകയും വേണം.
- ഷീറ്റ് മേൽക്കൂരയോ ഓലമേഞ്ഞ വീടുകളിലോ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.
- നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ ജോലി നിർത്തിവച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറണം.
- പത്രം, പാൽ വിതരണം തുടങ്ങിയ ആവശ്യങ്ങൾക്കായി അതിരാവിലെ പുറത്തിറങ്ങുന്നവർ വൈദ്യുതി അപകടസാധ്യത ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം.
- കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ KSEB കൺട്രോൾ റൂം (1912) അല്ലെങ്കിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം (1077) എന്ന നമ്പറുകളിൽ വിവരം അറിയിക്കണം. പൊതുജനങ്ങൾ സ്വമേധയാ വൈദ്യുതി അറ്റകുറ്റപ്പണികൾ നടത്തരുതെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ, ഇടിമിന്നൽ സാധ്യത സംബന്ധിച്ച Nowcast മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ നിരന്തരം പരിശോധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.