കൽപ്പറ്റ: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിൽ ബുധനാഴ്ച (ജൂലൈ 8) റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാടിനൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് നിലവിലുണ്ട്. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനിടയുള്ള സാഹചര്യമാണെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
അതേസമയം ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 9-ന് വയനാട് ഉൾപ്പെടെ അഞ്ച് വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ആവശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു. ബലക്ഷയമുള്ള വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തുകയും അപകടാവസ്ഥയിലുള്ള മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും വേണം.
നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതും വെള്ളച്ചാട്ടങ്ങളിലേക്കും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പാലങ്ങളിൽ കയറി വെള്ളക്കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
ദുരന്തസാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് ആവശ്യമായ എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം. അപകടകരമായ വൈദ്യുതി ലൈനുകളോ പോസ്റ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കണം. അടിയന്തര സഹായങ്ങൾക്കായി 1077 (ജില്ലാ കൺട്രോൾ റൂം), 1070 (സംസ്ഥാന കൺട്രോൾ റൂം) എന്നീ ടോൾ ഫ്രീ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാനിടയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.