
സംസ്ഥാനത്തെ എല്ലാ സർക്കാർ വൃദ്ധസദനങ്ങളുടെയും പേര് ഇനി ‘സ്‌നേഹാലയം’ എന്നായിരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. ഇതോടെ സർക്കാർ രേഖകളിലും പൊതുപ്രയോഗത്തിലും ‘വൃദ്ധസദനം’ എന്ന പേര് ഒഴിവാക്കി പുതിയ പേര് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് പേരുമാറ്റം നടപ്പാക്കിയത്. ‘വൃദ്ധസദനം’ എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ മാന്യതയും കരുതലും പ്രതിഫലിപ്പിക്കുന്ന ‘സ്‌നേഹാലയം’ എന്ന പേര് സ്വീകരിച്ചത്.
സർക്കാർ സ്ഥാപനങ്ങളുടെ നെയിംബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, അപേക്ഷാ ഫോമുകൾ, മറ്റ് എല്ലാ രേഖകൾ എന്നിവയിൽ പുതിയ പേര് ഉടൻ ഉൾപ്പെടുത്താൻ സാമൂഹ്യനീതി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പേരുമാറ്റം പൊതുസമൂഹത്തിലും വ്യാപകമായി പ്രചരിപ്പിക്കുന്നതിനായി ബോധവൽക്കരണ നടപടികളും സ്വീകരിക്കും.
2024 ഡിസംബർ 2-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുമാറ്റം നിലവിൽ വന്നത്. എന്നിരുന്നാലും പല സ്ഥലങ്ങളിലും ഇപ്പോഴും ‘വൃദ്ധസദനം’ എന്ന പേര് തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടികൾ കൂടുതൽ കർശനമാക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
മുതിർന്ന പൗരന്മാർക്ക് കൂടുതൽ ആദരവും ആത്മാഭിമാനവും നൽകുന്ന സമീപനത്തിന്റെ ഭാഗമായാണ് ‘സ്‌നേഹാലയം’ എന്ന പുതിയ പേര് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രാവർത്തികമാക്കുന്നത്.