
ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി. 7 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായി ചെയ്യാം. നേരത്തെ 2026 സെപ്റ്റംബർ 30 വരെയായിരുന്നു ഇതിനുള്ള അവസരം.
കുട്ടികൾക്ക് ആദ്യമായി ആധാർ നൽകുമ്പോൾ സാധാരണയായി മാതാപിതാക്കളുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഈ ഘട്ടത്തിൽ കുട്ടിയുടെ മുഖചിത്രമാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്. അഞ്ചാം വയസ്സിൽ വിരലടയാളവും ഐറിസ് വിവരങ്ങളും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
കുട്ടികൾ വളരുന്നതിനനുസരിച്ച് വിരലടയാളത്തിലും ഐറിസ് വിവരങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് 15 വയസ്സിലും നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് നിർദേശിച്ചിരിക്കുന്നത്. കൃത്യമായ ആധാർ വിവരങ്ങൾ പല സർക്കാർ സേവനങ്ങളും വിദ്യാഭ്യാസപരമായ ആവശ്യങ്ങളും ലഭ്യമാക്കുന്നതിൽ പ്രധാനമാണ്.
നീറ്റ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളുടെ രജിസ്ട്രേഷൻ, സ്കോളർഷിപ്പ് അപേക്ഷകൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ എന്നിവയിൽ ആധാർ വിവരങ്ങൾ ആവശ്യമായി വരാം. അതിനാൽ കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്നത് പിന്നീട് ഉണ്ടാകാവുന്ന സേവന തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കും.