
പ്രമുഖ ടെക് കമ്പനിയായ ആപ്പിളിൽ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആപ്പിളിന്റെ ഫിറ്റ്നസ് പ്ലസ് സേവനത്തിലെ ഓഡിയോ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഏതാനും ജീവനക്കാരെയാണ് ഇത്തവണ ഒഴിവാക്കിയതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആപ്പിളിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടൽ നടപടിയാണിത്. ഫിറ്റ്നസ് പ്ലസിലെ ‘ടൈം ടു വാക്ക്’, ‘ടൈം ടു റൺ’ തുടങ്ങിയ ഓഡിയോ ഫീച്ചറുകളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ടീമിനെയാണ് പുതിയ നടപടി ബാധിച്ചത്. വീഡിയോയുടെ സഹായമില്ലാതെ ആപ്പിൾ വാച്ചിലൂടെ വർക്ക്ഔട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ ഫീച്ചറുകൾ.
ഓട്ടോമേഷൻ, ചെലവ് നിയന്ത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ പിരിച്ചുവിടൽ നടപടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റിൽ ആപ്പിൾ 200-ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫിറ്റ്നസ് പ്ലസ് സേവനത്തിനായി തുടർച്ചയായി പുതിയ ഉള്ളടക്കങ്ങൾ ഒരുക്കേണ്ടത് കമ്പനിക്ക് വലിയ ചെലവാണ് ഉണ്ടാക്കുന്നത്. അതേസമയം, സബ്സ്ക്രിപ്ഷൻ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും സേവനത്തിന്റെ സാമ്പത്തിക പ്രകടനത്തെ ബാധിക്കുന്ന ഘടകമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പിരിച്ചുവിടലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.