യൂട്യൂബർമാരുടെ തിരക്ക്; ‘ബാലൻ: ദ ബോയ്’ ബസ് സ്റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തിൽ

കൽപ്പറ്റ: ‘ബാലൻ: ദ ബോയ്’ സിനിമയുടെ ചിത്രീകരണത്തിനായി നിർമിച്ച ബസ് സ്റ്റോപ്പ് ഇന്ന് വയനാട്ടിലെ കുണ്ടുവാടിയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമായ ഈ ബസ് സ്റ്റോപ്പ് ഒരു വശത്ത് നിലനിർത്തണമെന്ന ആവശ്യവും മറുവശത്ത് വനസംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്നതോടെയാണ് ഇതിന്റെ ഭാവി അനിശ്ചിതമായത്.

2025-ൽ സിനിമയുടെ ചിത്രീകരണത്തിനായി നിർമിച്ച ബസ് സ്റ്റോപ്പ്, ഷൂട്ടിംഗ് പൂർത്തിയായ ശേഷം നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് അണിയറ പ്രവർത്തകർ പൊളിച്ചുമാറ്റാതെ അവിടെത്തന്നെ നിലനിർത്തിയത്. പിന്നീട് സിനിമ റിലീസ് ചെയ്തതോടെ ബസ് സ്റ്റോപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. ഇതോടെ യൂട്യൂബർമാരും വ്ലോഗർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉൾപ്പെടെ നിരവധി പേർ ചിത്രങ്ങളും വീഡിയോകളും പകർത്താനായി പ്രദേശത്തേക്ക് എത്തിത്തുടങ്ങി.

സിനിമയിലെ രംഗങ്ങൾ പുനഃസൃഷ്ടിക്കുന്നതിനായി ചിലർ സമീപ വനമേഖലകളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നതായും ഇത് വന്യജീവികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് ബസ് സ്റ്റോപ്പ് തുടരണമോ പൊളിച്ചുമാറ്റണമോ എന്ന ചർച്ച ശക്തമായത്.

ബസ് സ്റ്റോപ്പ് നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അത് ഏറെ നിരാശാജനകമായിരിക്കുമെന്ന് സിനിമയുടെ ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി പറഞ്ഞു. ചിത്രീകരണത്തിനായി പ്രദേശത്തെത്തിയപ്പോൾ കുട്ടികൾ റോഡരികിൽ ബസ് കാത്തുനിൽക്കുന്ന കാഴ്ചയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും, അതിനാലാണ് ബസ് സ്റ്റോപ്പ് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് സമയത്തും അതിനുശേഷവും പ്രദേശവാസികൾ ഇത് ഉപയോഗിച്ചിരുന്നുവെന്നും, നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ബസ് സ്റ്റോപ്പ് അവിടെ നിലനിർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസ് സ്റ്റോപ്പ് താൽക്കാലിക സെറ്റാണെന്നും പരിപാലനച്ചുമതല ഏറ്റെടുക്കാൻ നാട്ടുകാർ തയ്യാറാണെന്ന് അറിയിച്ചതിനാലാണ് അത് പൊളിക്കാതെ വിട്ടതെന്നും അജയൻ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യകത പരിഗണിച്ച് ബസ് സ്റ്റോപ്പ് നിലനിർത്താൻ വനംവകുപ്പ് അനുമതി നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

വനഭൂമിയിൽ സ്ഥിരനിർമാണങ്ങൾക്ക് നിയമാനുസൃത അനുമതി നിർബന്ധമാണെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അഷിഖ് അലി അറിയിച്ചു. പ്രദേശവാസികളും വനംവകുപ്പും ചേർന്ന് വിഷയം ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ടുണ്ടെന്നും, യൂട്യൂബർമാരുടെയും സന്ദർശകരുടെയും നിയന്ത്രണരഹിതമായ വരവ് തടയാൻ ഫലപ്രദമായ മാർഗം കണ്ടെത്താനായാൽ ബസ് സ്റ്റോപ്പ് നിലനിർത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

കുണ്ടുവാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് ഈ ബസ് സ്റ്റോപ്പ് ഒരു സിനിമാ സെറ്റ് മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. സ്കൂൾ-കോളേജ് വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്ന ഇടവും, മഴയിലും വെയിലിലും വയോധികർക്ക് ആശ്രയവുമായ ഈ ബസ് സ്റ്റോപ്പ് തൊഴിലാളികൾക്കും യാത്രക്കാർക്കും വലിയ സൗകര്യമാണ്. പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നതിനെ തുടർന്ന് വർഷങ്ങളായി തുറസ്സായ സ്ഥലത്താണ് ഇവർ ബസ് കാത്തിരുന്നത്.

“ബസ് സ്റ്റോപ്പ് വന്നതോടെ ഞങ്ങളുടെ യാത്ര ഏറെ സൗകര്യപ്രദമായി. കുട്ടികളും മുതിർന്നവരും ദിവസേന ഇത് ഉപയോഗിക്കുന്നു. ഇത് പൊളിച്ചുമാറ്റാതെ നിലനിർത്താൻ വനംവകുപ്പ് അനുമതി നൽകണമെന്നാണ് ഞങ്ങളുടെ അഭ്യർഥന,” പ്രദേശവാസിയായ മാതൻ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *