സിബിഎസ്‌ഇ ത്രിഭാഷാ നയത്തിൽ നിർണായക ഇളവ്; നിലവിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ആശ്വാസം

ന്യൂഡൽഹി: ത്രിഭാഷാ നയം സംബന്ധിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഉയർന്ന ആശങ്കകൾക്കിടെ നിർണായക ഭേദഗതിയുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ). നിലവിലെ പത്താം ക്ലാസ് വിദ്യാർഥികളെ പുതിയ ത്രിഭാഷാ നയത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയ ബോർഡ്, നിലവിൽ ഒൻപതാം ക്ലാസിലുള്ള വിദ്യാർഥികൾക്ക് ഒറ്റത്തവണ പ്രത്യേക ഇളവും അനുവദിച്ചു.

സിബിഎസ്‌ഇ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം നിലവിലെ പത്താം ക്ലാസ് ബാച്ചിന് പുതിയ ത്രിഭാഷാ നയം ബാധകമല്ല. നിലവിൽ ഏഴാം മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസിലെത്തുമ്പോഴും മൂന്നാമത്തെ ഭാഷയിൽ ബോർഡ് പരീക്ഷ എഴുതേണ്ടതില്ലെന്ന് സിബിഎസ്‌ഇ അക്കാദമിക്സ് ഡയറക്ടർ പ്രജ്ഞ എം. സിങ് വ്യക്തമാക്കി.

നിലവിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്

2026-27 അധ്യയന വർഷത്തിൽ നിലവിൽ ഒൻപതാം ക്ലാസിലുള്ള വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇവർക്ക് രണ്ട് വിദേശഭാഷകളും ഒരു ഇന്ത്യൻ ഭാഷയും തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഇത് നിലവിലെ ബാച്ചിന് മാത്രമുള്ള ഒറ്റത്തവണ ക്രമീകരണമാണെന്നും ബോർഡ് വ്യക്തമാക്കി.

കോടതിയെ സമീപിച്ചതിന് പിന്നാലെ തീരുമാനം

ജൂലൈ 1 മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾ കുറഞ്ഞത് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കണമെന്നായിരുന്നു സിബിഎസ്‌ഇയുടെ മുൻ നിർദേശം. എന്നാൽ ഈ തീരുമാനത്തിനെതിരെ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചതോടെയാണ് ബോർഡ് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തിയത്.

ഗണിതത്തിനും ശാസ്ത്രത്തിനും രണ്ട് തലത്തിലുള്ള പഠനക്രമം

2026-27 അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസിൽ ഗണിതത്തിനും ശാസ്ത്രത്തിനും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലുള്ള പഠനക്രമവും സിബിഎസ്‌ഇ നടപ്പാക്കും.

എല്ലാ വിദ്യാർഥികളും 80 മാർക്കിന്റെ പൊതുപരീക്ഷ എഴുതേണ്ടതായിരിക്കും. വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനം ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ്ഡ് ലെവൽ പരീക്ഷയും തിരഞ്ഞെടുക്കാം. ഈ പുതിയ സംവിധാനപ്രകാരമുള്ള ആദ്യ പത്താം ക്ലാസ് ബോർഡ് പരീക്ഷ 2028-ലാണ് നടക്കുക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

മുൻ നിർദേശത്തിൽ മാറ്റം

വിദേശഭാഷ തിരഞ്ഞെടുക്കുന്നതിന് മുമ്പ് രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കണമെന്ന വ്യവസ്ഥ സിബിഎസ്‌ഇ മേയ് 15-ന് പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ടായിരുന്നു. എന്നാൽ നിലവിൽ ഒൻപതാം ക്ലാസിലുള്ള വിദ്യാർഥികൾക്ക് മാത്രം ഈ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ബോർഡ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *