ടൗണ്‍ഷിപ്പിലെ മണ്ണൊലിപ്പ് ഗൗരവകരം; അടിയന്തരവും സമയബന്ധിതവുമായി നടപടി വേണമെന്ന് ടി സിദ്ദിഖ് എം.എല്‍.എ

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ടൗണ്‍ഷിപ്പ് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചില്‍ പ്രദേശങ്ങള്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണൊലിച്ച് ബാധിച്ച വീടുകളും സമീപ പ്രദേശങ്ങളും നേരില്‍ കണ്ട എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ജില്ലാകലക്ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, കിഫ്‌കോണ്‍ ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട എം.എല്‍.എ, പതിനഞ്ച് ദിവസത്തിനകം പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് നിലവിലെ ഡ്രൈനേജിലേക്ക് മണ്ണ് അടിഞ്ഞുകൂടിയതാണ് മണ്ണൊലിപ്പിന് പ്രധാന കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈനേജ് സംവിധാനങ്ങള്‍ സംരക്ഷിക്കുകയും മറ്റ് ഭാഗങ്ങളില്‍നിന്നുള്ള വെള്ളം കാര്യക്ഷമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഴ ശക്തമാകുന്നതിന് മുമ്പ് താല്‍ക്കാലിക പരിഹാരങ്ങള്‍ക്കുപുറമെ സ്ഥിരപരിഹാര നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ മണ്ണ് അശാസ്ത്രീയമായി സംഭരിച്ചതും പ്രശ്‌നങ്ങള്‍ക്ക് കാരണമായതായി ചൂണ്ടിക്കാട്ടിയ എം.എല്‍.എ, മണ്ണ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു.

മുന്‍പ് തന്നെ വിഷയത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിയും കൗണ്‍സിലര്‍മാരും പരാതി നല്‍കിയിരുന്നുവെന്നും, നേരത്തെ നടത്തിയ സന്ദര്‍ശനത്തിനിടയിലും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കാത്തതാണ് നിലവിലെ ഗുരുതര സാഹചര്യത്തിന് കാരണമായതെന്നും എം.എല്‍.എ വിമര്‍ശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഷെമീര്‍ ഒടുവില്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *