കെഎസ്ആർടിസി ‘പ്രിയദർശിനി’ക്ക് 100 ദിനം; വനിതകളുടെ സൗജന്യ യാത്ര കണക്കുകൾ ഞെട്ടിക്കും!

KSRTC Priyadarshini Scheme completes 100 days with free travel for women

തിരുവനന്തപുരം: വനിതകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുകയാണ്. പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ഇതുവരെ ഏകദേശം 13 കോടി സൗജന്യ യാത്രകളാണ് വനിതകൾ നടത്തിയിരിക്കുന്നത്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകൾ സൗജന്യമായി അനുവദിച്ചതായി മന്ത്രി സി.പി. ജോൺ അറിയിച്ചു.

നിലവിൽ പ്രതിദിനം ശരാശരി 12.93 ലക്ഷം വനിതകളാണ് പദ്ധതിയുടെ പ്രയോജനം നേടുന്നത്. സെപ്റ്റംബർ 7നാണ് ഏറ്റവും കൂടുതൽ വനിതകൾ സൗജന്യമായി യാത്ര ചെയ്തത്. അന്ന് മാത്രം 15.53 ലക്ഷം വനിതകൾ യാത്ര ചെയ്തപ്പോൾ വിതരണം ചെയ്ത സൗജന്യ ടിക്കറ്റുകളുടെ മൂല്യം 3.29 കോടി രൂപയായിരുന്നു.

പദ്ധതി ആരംഭിച്ചതിന് പിന്നാലെ കെഎസ്ആർടിസിയുടെ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗജന്യ യാത്രയ്ക്കായി അനുവദിച്ച തുക കണക്കിൽപ്പെടുത്താതെയും സെപ്റ്റംബറിലെ കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന കളക്ഷൻ 5.75 കോടി രൂപയിലെത്തി. ജൂലൈയിൽ ഇത് 5.45 കോടി രൂപയും ഓഗസ്റ്റിൽ 5.43 കോടി രൂപയുമായിരുന്നു.

പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാരുടെ പങ്കാളിത്തത്തിലും വർധനവുണ്ടായി. ആദ്യ ആഴ്ചകളിൽ കെഎസ്ആർടിസിയിലെ ആകെ യാത്രക്കാരിൽ 62 ശതമാനമായിരുന്ന വനിതകളുടെ വിഹിതം നിലവിൽ 68.9 ശതമാനമായി ഉയർന്നു. അതേസമയം, പ്രതിദിനം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ എണ്ണവും വർധിച്ചു. ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തിൽ നിന്ന് ഇത് 12.1 ശതമാനം ഉയർന്ന് 27.63 ലക്ഷത്തിലെത്തി.

പദ്ധതിക്കാവശ്യമായ തുക കെഎസ്ആർടിസിക്ക് മുൻകൂറായി നൽകുന്നത് കേരള ഫിനാൻഷ്യൽ കോർപറേഷനാണ്. തുടർന്ന് ഓരോ 15 ദിവസത്തിലൊരിക്കൽ ബജറ്റ് വിഹിതത്തിൽനിന്ന് സർക്കാർ ഈ തുക കെഎസ്ആർടിസിക്ക് കൈമാറുന്ന രീതിയിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

വനിതകൾക്ക് യാത്രാ ചെലവിൽ ആശ്വാസം നൽകുന്നതിനൊപ്പം കെഎസ്ആർടിസിയുടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മാറ്റം സൃഷ്ടിച്ചുകൊണ്ടാണ് പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിലേക്ക് എത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *