സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ സമ്മാന പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ ലിങ്കുകളോടുകൂടി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് മില്‍മയുമായി യാതൊരു ബന്ധവുമില്ലെന്നും അവ പൂര്‍ണമായും തട്ടിപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മില്‍മ മാനേജ്മെന്റ് കര്‍ശനമായി മുന്നറിയിപ്പ് നല്കി. വ്യാജ ലിങ്കുകള്‍ വിശ്വസിച്ച് വിവരങ്ങള്‍ കൈമാറിയ ചിലര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം പുറത്തുവിട്ടത്.
നിലവില്‍ നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വ്യക്തിഗത സന്ദേശങ്ങളിലൂടെയും ഈ തട്ടിപ്പ് ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുകയും, ആരും ഇത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
46 വര്‍ഷത്തിലേറെയായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ മില്‍മയുടെ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചതായും അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
സൈബര്‍ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിനും സൈബര്‍ സെല്ലിനും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും, സംശയാസ്പദമായ ലിങ്കുകള്‍ ലഭിച്ചാല്‍ അവ അവഗണിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യണമെന്ന് മില്‍മ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.