തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി ഒന്നാംവർഷ (പ്ലസ് വൺ) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഉച്ചതിരിഞ്ഞ് 3 മണിയോടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാനാകും.
ഫലപ്രഖ്യാപനം ആദ്യം ജൂൺ അവസാനവാരത്തിലും തുടർന്ന് ജൂലൈ 15-ലും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതികവും ഭരണപരവുമായ കാരണങ്ങളാൽ അത് വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴാണ് ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്.
വിദ്യാർഥികൾക്ക് https://dhsekerala.gov.in, https://results.hse.kerala.gov.in, https://keralaresults.nic.in, https://results.kite.kerala.gov.in, https://results.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. ഇതിന് പുറമെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം KITE മൊബൈൽ ആപ്പ് എന്നിവ വഴിയും മാർക്ക് ലഭ്യമാകും.
ഈ വർഷത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയായിരുന്നു നടന്നത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.15 വരെയായിരുന്നു പരീക്ഷാസമയം. ഓരോ വിഷയത്തിനും തിയറി പരീക്ഷയ്ക്ക് 80 മാർക്കും ഇന്റേണൽ അസസ്മെന്റ്/പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 20 മാർക്കും ഉൾപ്പെടുന്ന രീതിയിലാണ് മൂല്യനിർണയം.
കഴിഞ്ഞ വർഷം പ്ലസ് വൺ ഫലം ജൂൺ 2-നാണ് പ്രഖ്യാപിച്ചത്. അന്ന് റഗുലർ വിഭാഗത്തിൽ 62.28 ശതമാനമായിരുന്നു വിജയനിരക്ക്. ഈ വർഷത്തെ വിജയശതമാനവും ജില്ലാതല പ്രകടനവും ഫലം പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിടും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
ഫലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകളും സേ പരീക്ഷ സംബന്ധിച്ച വിവരങ്ങളും അറിയാൻ വിദ്യാർഥികൾ ഔദ്യോഗിക DHSE വെബ്സൈറ്റ് സന്ദർശിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.