രാജ്യത്തെ ഓരോ പൗരനും നടപ്പാതകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
അഞ്ച് വയസ്സുള്ള മകനുമായി സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് ടാങ്കർ ലോറി ഇടിച്ച് കുട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. അപകടം നടന്ന സ്ഥലത്ത് നടപ്പാതയോ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനമോ ഇല്ലാതിരുന്നതാണ് ദുരന്തത്തിന് പ്രധാന കാരണമായതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയിലെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യവും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും കാൽനടയാത്രക്കാരുടെ സുരക്ഷിത സഞ്ചാരാവകാശവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അതുൽ എസ്. ചന്ദൂർക്കറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
റോഡുകളിൽ വാഹനങ്ങൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കും മുൻഗണന ലഭിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നഗരസഭകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സുരക്ഷിതമായ നടപ്പാതകളും റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളും ഒരുക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
കാൽനടയാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയാൽ, മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് പുറമെ പൗരന്മാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശവും നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
വിധിയുടെ പകർപ്പ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ലോ കമ്മീഷൻ എന്നിവയ്ക്ക് കൈമാറാൻ സുപ്രീംകോടതി രജിസ്ട്രിക്ക് നിർദേശവും നൽകിയിട്ടുണ്ട്. രാജ്യത്തെ കാൽനടയാത്രക്കാരുടെ സുരക്ഷയും അടിസ്ഥാന അവകാശങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്ന സുപ്രധാന ഇടപെടലായാണ് ഈ വിധിയെ നിയമവിദഗ്ധർ വിലയിരുത്തുന്നത്.