കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ടിക്കറ്റ് നല്കുമ്പോള് യാത്രക്കാരുടെ ജെന്‍ഡര്‍ വിവരവും പ്രത്യേകം രേഖപ്പെടുത്തുന്ന സംവിധാനം ആരംഭിച്ചു. ടിക്കറ്റ് മെഷീനില്‍ പുതിയ അപ്ഡേഷന് വന്നതോടെയാണ് സ്ത്രീ/പുരുഷന് എന്നിങ്ങനെ മാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണു സൂചന. സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
സൗജന്യ യാത്രയ്ക്ക് ദൂരപരിധിയോ മറ്റ് നിബന്ധനകളോ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എങ്കിലും ജോലി, പഠനം തുടങ്ങി ദിവസേന കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന നിരവധി സ്ത്രീ യാത്രക്കാര്‍ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യഘട്ട തീരുമാനങ്ങളില്‍ ഒന്നായി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമെന്നാണു രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ ടിക്കറ്റിംഗ് സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി കണ്ടക്ടര്‍മാരും സ്ഥിരീകരിച്ചു.