സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ സാധ്യത. പദ്ധതി സംബന്ധിച്ച് പഠനം നടത്തിയ കെഎസ്ആർടിസി വിദഗ്ധ സമിതിയാണ് ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, മറ്റ് ഉയർന്ന ശ്രേണിയിലുള്ള സർവീസുകൾ എന്നിവയിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സാമ്പത്തികമായും പ്രവർത്തനപരമായും പ്രായോഗികമല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. പ്രത്യേകിച്ച് റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ യാത്രാ സംവിധാനത്തെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെക്കുന്നു.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ടിക്കറ്റ് വരുമാന നഷ്ടം സർക്കാർ നികത്തുമെന്നാണ് സൂചന. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധികമായി സർക്കാർ കണ്ടെത്തേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ പ്രതിമാസം 80 കോടി രൂപയുടെ സഹായം നൽകുന്നുണ്ട്.
കോവിഡിന് മുമ്പ് പ്രതിദിനം ഏകദേശം 35 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി സർവീസുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ നിലവിൽ ഇത് 20 മുതൽ 25 ലക്ഷം വരെയായി കുറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ജൂൺ മധ്യത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളും. ഭാവിയിൽ പദ്ധതി മറ്റ് കെഎസ്ആർടിസി സർവീസുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.