
കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡീഷയ്ക്ക് മുകളിലുമായി നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് സംസ്ഥാനത്തെ മഴയ്ക്ക് പിന്നിലെ പ്രധാന കാലാവസ്ഥാ ഘടകം. എന്നാൽ നാളെ മുതൽ കേരളത്തിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. നാളത്തേക്ക് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലില്ല.
അതിനിടെ, കടൽക്ഷോഭത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. മത്സ്യബന്ധനത്തിനുള്ള വിലക്കും ഇന്നും തുടരും. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള തിരച്ചിലും ഇന്ന് തുടരും. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞതിനെ തുടർന്ന് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയുമാണ് കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി വിവിധ സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലും തുടരുകയാണ്. മുതലപ്പൊഴിയിൽ ഇന്നലെ സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കാണാതായ ഷിജിനെ കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതോടെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്നലെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.
കടൽ സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിലും സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കാനാണ് തീരുമാനം. കാണാതായവരെ കണ്ടെത്തുന്നതിനായി കൂടുതൽ മേഖലകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും.