
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. തിരിച്ചറിഞ്ഞ എട്ട് പേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി നേതാവ് വളർമതിയാണ് കേസിലെ ഒന്നാം പ്രതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന് പിന്നാലെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളർമതി വീണ്ടും നിലപാട് വ്യക്തമാക്കി. സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നും വളർമതി വ്യക്തമാക്കി. പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവർ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണെന്നും അവർ വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തലമുണ്ഡനം ചെയ്ത ഫോട്ടോയുമായി നടക്കുന്നതെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ പരാമർശം. സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നതെന്നാരോപിച്ചാണ് വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് സമരക്കാരുടെ പ്രതിഷേധ ജാഥയ്ക്കെതിരെ കേസെടുത്തത്.
വയനാട് മെഡിക്കൽ കോളേജിന് ആശ്വാസം; 13 വിദഗ്ധ ഡോക്ടർമാരെ കൂടി നിയമിച്ചു
മാനന്തവാടി: ഡോക്ടർമാരുടെ കുറവ് നേരിടുന്ന വയനാട് മെഡിക്കൽ കോളേജിന് ആശ്വാസമായി 13 വിദഗ്ധ ഡോക്ടർമാരെ കൂടി നിയമിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പാണ് വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാരെ സീനിയർ റെസിഡൻ്റുമാരായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഒക്ടോബർ 29-ന് ആരോഗ്യ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിർബന്ധിത സേവനത്തിൻ്റെ ഭാഗമായാണ് നിയമനം.
ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഫാർമക്കോളജി, റേഡിയോളജി, ഇമ്മ്യൂണോ ഹെമറ്റോളജി, പൾമനോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, അനസ്തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് പുതിയ നിയമനം. ജനറൽ സർജറിയിലും അസ്ഥിരോഗ വിഭാഗത്തിലും രണ്ട് വീതം ഡോക്ടർമാരുണ്ടാകും. ഫാർമക്കോളജി, റേഡിയോളജി വിഭാഗങ്ങളിലും രണ്ട് വീതം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ഇമ്മ്യൂണോ ഹെമറ്റോളജി, പൾമനോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, അനസ്തേഷ്യ വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരും ചുമതലയേൽക്കും.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ഉഷ വിജയൻ എം.എൽ.എ നിരവധി തവണ ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയ നിയമനങ്ങൾ ആശുപത്രിയിലെ ചികിത്സാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷ.
റേഡിയോളജി വിഭാഗത്തിലേക്ക് രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചതും ശ്രദ്ധേയമാണ്. പുതുതായി അനുവദിച്ച എം.ആർ.ഐ സ്കാനിംഗ് സൗകര്യം ഉൾപ്പെടെ എക്സ്റേ, സി.ടി, എം.ആർ.ഐ വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് രോഗികൾക്ക് മെച്ചപ്പെട്ട പരിശോധനാ സൗകര്യങ്ങളും ചികിത്സയും ഉറപ്പാക്കാൻ സഹായിക്കും.
13 വിദഗ്ധ ഡോക്ടർമാരുടെ നിയമനത്തിനും റേഡിയോളജി വിഭാഗം കൂടുതൽ സജ്ജമാക്കുന്നതിനും മന്ത്രിതലത്തിൽ ഇടപെടൽ നടത്തിയ ഉഷ വിജയൻ എം.എൽ.എയെ ജില്ലാ യു.ഡി.എഫ് കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ അഭിനന്ദിച്ചു.
പുതിയ ഡോക്ടർമാർ ചുമതലയേൽക്കുന്നതോടെ വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.
സ്കൂൾ വിനോദയാത്രയിലെ മദ്യപാന വിവാദം: പ്രിൻസിപ്പാൾ നിരപരാധിയെന്ന് വിദ്യാർത്ഥികൾ
കൽപ്പറ്റ: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. ഇത്തരമൊരു ആരോപണം ആരാണ് ഉന്നയിച്ചതെന്ന് അറിയില്ലെന്നും കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാർഥികൾ പറഞ്ഞു.
ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പി.ടി.എ. പ്രസിഡന്റ് മദ്യപിച്ച് വാഹനത്തിൽ കയറിയെന്നാണ് വിദ്യാർഥികളുടെ വിശദീകരണം. തുടർന്ന് വാഹനത്തിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതായും ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചതിനെത്തുടർന്ന് നടപടി ഉണ്ടായതായും അവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ബസിലെ ദൃശ്യങ്ങൾ പുറത്തുവന്ന കാര്യം അറിയില്ലെന്നും വിദ്യാർഥികൾ പ്രതികരിച്ചു.
അതേസമയം, വിനോദയാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പി.ടി.എ. പ്രസിഡന്റ് എസ്. ഹാജിസും മദ്യലഹരിയിലായിരുന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. ഇതിനെതിരെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ബസിലെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിവാദത്തെ തുടർന്ന് ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.എ. ജലീൽ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്ഥാപനത്തിന്റെയും വിദ്യാർഥികളുടെയും താൽപര്യത്തിനാണ് മുൻഗണനയെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ പുതിയ പ്രതികരണത്തോടെ മീനങ്ങാടി സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന്റെ തുടർനടപടികൾ നിർണായകമാകും.
ജോലി അന്വേഷിക്കുന്നവരാണോ? വയനാട്ടിലെ പുതിയ തൊഴിൽ അവസരങ്ങൾ പരിശോധിക്കൂ!
വെറ്ററിനറി സര്ജന് നിയമനം
ഇന്റർവ്യൂ : നവംബര്‍ 2
ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സര്‍ജനെ താത്ക്കാലികമായി നിയമിക്കുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ രേഖ, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04936-202292.
ഇ.സി.ജി ടെക്നീഷ്യന് നിയമനം
ഇന്റർവ്യൂ : ഒക്ടോബര്‍ 30
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി. ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജി, കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ആരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 04935-221189.
കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഉദ്യാനത്തിൽ നിയമനം
അവസാന തിയ്യതി : നവംബർ 2
കൽപ്പറ്റ കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള ഉദ്യാനത്തിലേക്ക് ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡെസ്റ്റിനേഷൻ മാനേജർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ പൂർണ്ണമായും വയനാട് ജില്ലയിൽ നിന്നുള്ളവരായിരിക്കണം. 25-നും 35-നും മധ്യേയാണ് പ്രായപരിധി. ഹോർട്ടികൾച്ചർ ബിരുദമോ തത്തുല്യ യോഗ്യതയും ഉദ്യാന പരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഹോർട്ടികൾച്ചർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദവും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ, ടാലി, എം.എസ് എക്സൽ, കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് എന്നിവയിൽ പരിജ്ഞാനവും അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. എം.കോം ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ട്രാവൽ ആന്‍ഡ് ടൂറിസം ഐച്ഛിക വിഷയമായി ലഭിച്ച ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആശയവിനിമയ ശേഷിയും ടൂറിസം മേഖലയിലെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഡെസ്റ്റിനേഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യാന സുരക്ഷയ്ക്കായി വിമുക്തഭടന്മാരായ നാല് പുരുഷന്മാർക്കാണ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അവസരം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ, കൽപ്പറ്റ നോർത്ത്, പിൻ: 673122 എന്ന വിലാസത്തിൽ സമർപ്പിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് കൽപ്പറ്റ കാരാപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസ്, വാഴവറ്റ കാരാപ്പുഴ സബ് ഡിവിഷൻ നമ്പർ-രണ്ട് എന്നീ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ : 04936 202246
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഒ.പി. ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്, ഡ്രൈവർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 26, 27 തീയതികളിലാണ് അഭിമുഖം. എടവക ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഡോക്ടർ തസ്തികയില്‍ എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് ഒക്ടോബർ 26 ന് രാവിലെ 10നും ഒ.പി. ടിക്കറ്റ് കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി., കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 26 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖത്തിൽ പങ്കെടുക്കാം. ഡ്രൈവർ തസ്തികയില്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള ഏഴാം ക്ലാസ്, എച്ച്.ഡി.വി. ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് ഒക്ടോബർ 27 ന് രാവിലെ 10നും ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഡി.എം.എൽ.ടി./ബി.എസ്സി. എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് 27 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും.താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 04935-296906.
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് നിയമനം
അവസാന തിയ്യതി : ഒക്ടോബര്‍ 31
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ (14 ഒഴിവ്), ജില്ലാ മിഷന് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (52 ഒഴിവ്) തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്കെയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നകം അയക്കണം. വിവരങ്ങള്‍ക്ക് www.kudumbashree.org സന്ദര്‍ശിക്കുക.