ജില്ലയിലുടനീളം മാലമോഷണം; നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാലമോഷണം നടത്തി നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ച സംഘത്തിലെ രണ്ട് സ്ത്രീകളെ വയനാട് പോലീസ് പിടികൂടി. തമിഴ്നാട് മധുരൈ സ്വദേശികളായ ആലങ്ങാനൂർ കണ്ണകി @ അർച്ചന @ രമ്യ (30), തിരുപ്പരൻകുണ്ട്രം ഈശ്വരി (47) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രായമായവരെ പിന്തുടർന്ന് അവർ അറിയാതെ മാല കവർന്ന ശേഷം ഓട്ടോറിക്ഷകളിൽ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കുകയും ലോഡ്ജുകളിലും മറ്റിടങ്ങളിലും താമസിച്ച് മോഷണം തുടരുകയുമായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി വിവിധ പേരുകളിൽ ഇവർക്കെതിരെ നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വിവിധ പോലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC-ന് പുറമെ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പിമാരായ എം.എം. അബ്ദുൾ കരീം, ടി.എ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം ശക്തമാക്കിയിരുന്നു. ബസുകൾ, ഓട്ടോറിക്ഷകൾ, ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തും അമ്പലവയൽ, കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലും മാലമോഷണം നടന്നതിന് പിന്നാലെ സംശയിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് ലുക്ക് ഔട്ട് നോട്ടീസായി മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. മീനങ്ങാടി സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും നിർണായകമായത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയൽ, കമ്പളക്കാട്, ബത്തേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മാലമോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും സംശയകരമായ സാഹചര്യത്തിൽ ഇവർ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

ഇതിനിടെ, മീനങ്ങാടിയിലെ ‘ഔറ കളക്ഷൻ’ ഫാൻസി കടയിൽനിന്ന് ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും ഇവർക്കെതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *