കൈക്കൂലി കേസ്: പയ്യമ്പള്ളി വില്ലേജ് ഓഫീസർക്കെതിരേ അന്വേഷണം

കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ പയ്യമ്പള്ളി വില്ലേജ് ഓഫീസർക്കെതിരേ സർക്കാർ വകുപ്പുതല അച്ചടക്ക നടപടികൾ ശക്തമാക്കി. ഉദ്യോഗസ്ഥനെതിരേ ഔപചാരിക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)നെ നിയമിച്ചതായും അധികൃതർ അറിയിച്ചു.

2025 ഓഗസ്റ്റ് 5-നാണ് പയ്യമ്പള്ളി വില്ലേജ് ഓഫീസറെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്. കൊയിലേരി സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള ഏകദേശം 1.25 ഏക്കർ ഭൂമി ഇഷ്ടദാനമായി കൈമാറുന്നതിനായി തണ്ടപ്പേർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു.

സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി വില്ലേജ് ഓഫീസർ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

സംഭവത്തിന് പിന്നാലെ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് കുറ്റപത്രം നൽകുകയും ചെയ്തിരുന്നു. വിജിലൻസ് കേസിൽ അന്തിമ റിപ്പോർട്ട് വരുന്നതുവരെ വകുപ്പുതല നടപടികൾ നിർത്തിവയ്ക്കണമെന്ന ഉദ്യോഗസ്ഥന്റെ അപേക്ഷ സർക്കാർ തള്ളി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1960ലെ കേരള സിവിൽ സർവീസസ് ചട്ടപ്രകാരം ഔപചാരിക അന്വേഷണം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദേശം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *