1315 ദിവസം പിന്നിട്ട ജനകീയ സമരം; പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽപാത ഇപ്പോഴും അനിശ്ചിതത്വത്തിൽ

Padinjarathara–Poozhithode Alternative Road protest enters 1315th day in Wayanad

പടിഞ്ഞാറത്തറ: വയനാടിന്റെ ദീർഘകാല ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി കണക്കാക്കപ്പെടുന്ന പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽപാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി നടക്കുന്ന ജനകീയ സമരം 1315-ാം ദിവസത്തിലേക്ക് കടന്നു. വർഷങ്ങളായി സമരം തുടരുന്നുണ്ടെങ്കിലും സർക്കാർ തലത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് സമരസമിതിയുടെ ആരോപണം.

2023-ൽ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ ആരംഭിച്ച റിലേ സമരത്തിന്റെ പന്തൽ അടുത്തിടെ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്ത സംഭവം പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അതേ സ്ഥലത്ത് വീണ്ടും സമരപ്പന്തൽ ഉയർത്തുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.

മൂന്നു വർഷത്തെ പ്രക്ഷോഭം, എന്നാൽ പദ്ധതിയിൽ അനിശ്ചിതത്വം

1994 മുതൽ വിവിധ ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും അവഗണിച്ചുവെന്നാരോപിക്കുന്ന ബദൽപാത പദ്ധതിയെ ജനശ്രദ്ധയിലേക്കും നിയമസഭ, പാർലമെന്റ്, ഹൈക്കോടതി എന്നിവയുടെ പരിഗണനയിലേക്കും എത്തിക്കാൻ കഴിഞ്ഞത് മൂന്ന് വർഷമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തിലൂടെയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

പഠനം പൂർത്തിയായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന ആരോപണം

മുൻ സംസ്ഥാന സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി ഏകദേശം ഒന്നര കോടി രൂപ അനുവദിക്കുകയും പഠന ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വയനാട് മേഖലയിലെ വനമേഖലകളിലൂടെ ദിവസങ്ങളോളം പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് വിവരം.

എന്നാൽ പഠനം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് കൈമാറാത്തത് സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ഭാഗത്തെ സർവേയ്ക്ക് ആവശ്യമായ അനുമതിയും നടപടിക്രമങ്ങളും വൈകുന്നതും പദ്ധതിയുടെ പുരോഗതിയെ ബാധിക്കുന്നതായി ആരോപണമുണ്ട്.

ഫയലുകൾ കെട്ടിക്കിടക്കുന്നതായി വിമർശനം

പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കിടയിൽ ഫയലുകൾ നീങ്ങാതെ കിടക്കുന്നതാണ് പ്രധാന തടസമെന്നാണ് സമരസമിതി പറയുന്നത്. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെട്ടിട്ടും ആവശ്യമായ വേഗത്തിൽ നടപടികൾ ഉണ്ടായിട്ടില്ലെന്നും അവർ ആരോപിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ഡി.പി.ആർ പൂർത്തിയാക്കിയാൽ മാത്രമേ തുടർനടപടികൾ

പ്രാഥമിക പഠന റിപ്പോർട്ട് പൂർത്തിയാക്കി വിശദ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കി കേന്ദ്ര വനംവകുപ്പിന്റെ പരിവേഷ് പോർട്ടലിൽ അപേക്ഷ സമർപ്പിച്ച ശേഷമേ പദ്ധതിയുടെ ഭാവിയെക്കുറിച്ച് വ്യക്തത ലഭിക്കൂ. എന്നാൽ അതിനാവശ്യമായ നടപടികളിൽ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ ജാഗ്രത കാണിക്കുന്നില്ലെന്നാണ് വിമർശനം.

സർക്കാർ അടിയന്തരമായി ഇടപെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കി ബദൽപാത യാഥാർഥ്യമാക്കണമെന്ന് പ്രദേശവാസികളും സമരസമിതിയും ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *