
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പണിമുടക്കിനെ തുടർന്ന് സെപ്റ്റംബർ അവസാനവാരം ബാങ്കിങ് സേവനങ്ങളിൽ വലിയ തടസങ്ങൾക്ക് സാധ്യത. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ബാങ്ക് അവധിയായതിനാൽ, പണിമുടക്ക് ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ സാധാരണ പ്രവർത്തനം തടസപ്പെടും. ഇതോടെ ശാഖകളിലെ നേരിട്ടുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.
എന്തിനാണ് ബാങ്ക് ജീവനക്കാരുടെ സമരം?
ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുകയും രണ്ട് ദിവസം അവധി ലഭിക്കുകയും വേണമെന്ന ആവശ്യമാണ് ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരത്തെ തുടർന്ന് ബാങ്ക് ശാഖകളിലെ പ്രവർത്തനങ്ങൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏത് ബാങ്കിങ് സേവനങ്ങളെയാണ് ബാധിക്കുക?
പണിമുടക്ക് ദിവസങ്ങളിൽ ബാങ്ക് ശാഖകളിൽ നേരിട്ട് നടത്തുന്ന നിരവധി സേവനങ്ങൾ തടസപ്പെടുകയോ വൈകുകയോ ചെയ്യാം. ഡോക്യുമെന്റ് വെരിഫിക്കേഷൻ, ചെക്ക് ഇടപാടുകൾ, ചെക്ക് ക്ലിയറൻസ്, ഡിമാൻഡ് ഡ്രാഫ്റ്റ് (DD) തുടങ്ങിയ സേവനങ്ങൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
അക്കൗണ്ട് ആരംഭിക്കൽ പോലുള്ള ശാഖാ അടിസ്ഥാനത്തിലുള്ള സേവനങ്ങളും ഈ ദിവസങ്ങളിൽ ലഭ്യമാകുന്നത് ബുദ്ധിമുട്ടായേക്കും. ലോക്കർ സേവനങ്ങൾക്കും നിയന്ത്രണമുണ്ടാകാം.
അതേസമയം, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്പുകൾ, യുപിഐ, എടിഎം, കസ്റ്റമർ സർവീസ് പോയിന്റുകൾ തുടങ്ങിയ ഡിജിറ്റൽ, ബദൽ സംവിധാനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ തുടർച്ചയായ അവധിയും പണിമുടക്കും കാരണം ചില എടിഎമ്മുകളിൽ പണലഭ്യത കുറയാനുള്ള സാധ്യതയും കണക്കിലെടുക്കണം.
ശമ്പളം, പെൻഷൻ, ഇഎംഐ എന്നിവയെ ബാധിക്കുമോ?
മാസാവസാനത്തോട് അനുബന്ധിച്ച് ശമ്പളം, പെൻഷൻ തുടങ്ങിയവയുടെ ക്രെഡിറ്റിലും മറ്റ് ബാങ്കിങ് ഇടപാടുകളിലും കാലതാമസം ഉണ്ടായേക്കാം. ഇഎംഐ അടവ്, ചെക്ക് ക്ലിയറൻസ് തുടങ്ങിയ ഇടപാടുകളും ബാങ്ക് പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ വൈകാൻ സാധ്യതയുണ്ട്.
അതിനാൽ ബാങ്ക് ശാഖയിൽ നേരിട്ട് ചെയ്യേണ്ട ഇടപാടുകൾ ഉള്ളവർ അവ അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കാതിരിക്കുന്നതാണ് ഉചിതം.
സെപ്റ്റംബർ 25നകം ചെയ്യേണ്ട കാര്യങ്ങൾ
ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കൽ, ചെക്ക് നിക്ഷേപിക്കൽ, അക്കൗണ്ട് ആരംഭിക്കൽ തുടങ്ങിയ ശാഖയിൽ നേരിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഉള്ളവർ സെപ്റ്റംബർ 25നകം പൂർത്തിയാക്കുന്നത് സഹായകരമായിരിക്കും.
അത്യാവശ്യ പണമിടപാടുകൾക്കായി യുപിഐ, മൊബൈൽ ബാങ്കിങ്, നെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കാം. അഞ്ച് ദിവസത്തെ ബാങ്ക് അവധി കണക്കിലെടുത്ത് അത്യാവശ്യ ചെലവുകൾക്കുള്ള പണം മുൻകൂട്ടി ക്രമീകരിക്കുന്നതും നല്ലതാണ്.
പണിമുടക്കിന് ശേഷവും ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യമുണ്ടായാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ബാങ്കിങ് ഇടപാടുകൾ ആവശ്യമുള്ളവർ സമര ദിവസങ്ങൾ കണക്കിലെടുത്ത് ഇടപാടുകൾ മുൻകൂട്ടി ക്രമീകരിക്കുന്നത് ഉപകാരപ്പെടും.