അതിതീവ്ര ന്യൂനമർദ്ദം; വയനാടും മലപ്പുറവും ഉൾപ്പെടെ 5 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala Rain Alert for Wayanad and Malappuram amid deep depression

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ മധ്യ വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരത്ത്, കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാനാണ് സാധ്യത. വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിലായിരിക്കും ന്യൂനമർദ്ദം കരതൊടാൻ സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തിലും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യത കണക്കാക്കുന്നത്. മധ്യ വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മഴയുടെ ശക്തി വർധിക്കാനും സാധ്യതയുണ്ട്.

അതേസമയം, സെപ്റ്റംബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *