
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 4ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒക്ടോബർ 5ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒക്ടോബർ 6ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
വാഹന ഉടമകൾക്ക് സന്തോഷവാർത്ത; കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴയിൽ വൻ ഇളവ്
മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പേരിൽ കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ ആംനസ്റ്റി പദ്ധതി. കുടിശ്ശികയായ ഇ-ചെല്ലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയിട്ടുള്ള അർഹമായ പിഴകൾ ഇനി പകുതി തുക അടച്ച് തീർപ്പാക്കാൻ സാധിക്കും. ഇതിലൂടെ ദീർഘകാലമായി അടയ്ക്കാതെ കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരം ലഭിക്കും.
2026 മാർച്ച് 31-നോ അതിന് മുമ്പോ ചുമത്തിയതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്കാണ് ആംനസ്റ്റി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അതിനാൽ കുടിശ്ശികയുള്ള ഇ-ചെല്ലാനുകൾ ഈ ഇളവിന് കീഴിൽ വരുമോയെന്ന് വാഹന ഉടമകൾ പരിശോധിക്കണം.
വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്
രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.
ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം
ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.
പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.
എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.
കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന
25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.
50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.
ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.
ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.
പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.