കേരളത്തിലെ വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026ലെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചതിന് ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (QIP) യോഗത്തിലാണ് മെയ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാനുള്ള ധാരണയായത്. അധ്യാപക സംഘടനകളും ഇതേ ആവശ്യം ശക്തമായി മുന്നോട്ടുവെച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഫലം വൈകാതെ പ്രഖ്യാപിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരീക്ഷാബോർഡ് യോഗം ചേരും. ഈ യോഗത്തിൽ ഫലപ്രഖ്യാപന തീയതിക്ക് അന്തിമ അംഗീകാരം നൽകും. പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഇന്ന് നടക്കുന്ന യോഗത്തോടെ അതിന് വ്യക്തത വരും.
ഫലപ്രഖ്യാപനം വൈകിയാൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക് പ്രവേശന നടപടികൾ ഉൾപ്പെടെയുള്ള തുടർപ്രക്രിയകൾക്ക് ബാധകമാകുമെന്നതിനാലാണ് മെയ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനമായത്.
വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാനാകും. ഫലം പ്രഖ്യാപിക്കുന്ന സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരീക്ഷാബോർഡ് യോഗത്തിന് ശേഷം അറിയിക്കും.