സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം നിർണായക പ്രഖ്യാപനങ്ങളോടെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. കൂടാതെ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.
വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.ലോക്ഭവനിൽ നടന്ന ചായസൽക്കാരത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോർത്ത് ബ്ലോക്കിലെ ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോൾ മഴയെ പോലും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് ആവേശകരമായ സ്വീകരണം നൽകിയത്. മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന വിഡി സതീശനെ ആദ്യമായി അഭിനന്ദിച്ചത് മുഹമ്മദ് ഷിയാസ് എംഎൽഎയായിരുന്നു. ചീഫ് സെക്രട്ടറി കെ ജയതിലക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബൊക്കെ നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു.സെൻട്രൽ സ്റ്റേഡിയത്തിൽ ജനസാന്നിധ്യത്തിനിടെ നടന്ന ഭംഗിയാർന്ന ചടങ്ങിലാണ് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങുകൾ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് ചീഫ് സെക്രട്ടറി കെ ജയതിലക് സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രിയെ ക്ഷണിച്ചു.
ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വിഡി സതീശന്റെ സത്യപ്രതിജ്ഞ.മുഖ്യമന്ത്രിക്കു പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി.കെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതുമായി മന്ത്രിസഭയിൽ ഇടംപിടിച്ചു. സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി ജോൺ, എ.പി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പി.സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ, ടി സിദ്ദീഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരൻ ഇംഗ്ലീഷിലും ഷിബു ബേബി ജോണും സി.പി ജോണും സഗൗരവത്തിലും മറ്റ് മന്ത്രിമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.