കൽപ്പറ്റ: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കാരാപ്പുഴ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ ഭാഗികമായി ഉയർത്താൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിലവിൽ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിലാണ് നടപടി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ ഉത്തരവുപ്രകാരം നാളെ (മെയ് 23) രാവിലെ 11 മണിമുതൽ ഡാമിലെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തും. ഇതിലൂടെ സെക്കന്റിൽ പരമാവധി 1.557 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
ജൂൺ ആദ്യവാരത്തോടെ കാലവർഷം ശക്തമാകാനുള്ള സാധ്യതയും മുൻവർഷങ്ങളിലെ അതിശക്തമായ മഴയുടെ അനുഭവങ്ങളും പരിഗണിച്ചാണ് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്. ദിവസവും രാവിലെ 6 മണിമുതൽ വൈകിട്ട് 6 മണിവരെ മാത്രമാണ് ഷട്ടറുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഡാം തുറക്കുന്ന സമയങ്ങളിൽ പുഴയോരങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡാമിന് സമീപമോ പുഴക്കരകളിലോ ആളുകൾ കൂട്ടംകൂടി നിൽക്കരുത്. പുഴയിൽ ഇറങ്ങാനോ പുഴ മുറിച്ചുകടക്കാനോ ശ്രമിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അതേസമയം, ഡാം തുറന്നിരിക്കുന്ന സമയങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിസര പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.